Showing posts with label ഖുബൂരി. Show all posts
Showing posts with label ഖുബൂരി. Show all posts

Monday, January 17, 2011

ഖബർ കെട്ടിപ്പൊക്കൽ, അലങ്കരിക്കൽ, തൊടൽ, മുത്തൽ... .

  • ജൂതക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ ആരാധനാകേന്ദ്രമാക്കി....(ബുഖാരി 435, മുസ്ലിം 531 ആയിഷ(റ)യിൽ നിന്ന് ഉദ്ദരിച്ചിരിക്കുന്നു)

    അബുൽ ഹയ്യാജ് (റ) നിവേദനം: അലി (റ) എന്നോട് പറഞ്ഞു: ‘ഞാൻ നിന്നെ നബി(സ) എന്നെ നിയോഗിച്ച അതേ സംഗതികൾക്കുവേണ്ടി നിയോഗിക്കുന്നു. നീ ഒറ്റ പ്രതിമയും നശിപ്പിക്കാതെ വിടരുത്. ഉയർത്തപ്പെട്ട ...ഒരു ഖബറും നിരപ്പാക്കാതെയും വിടരുത്.‘ സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:969) ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ) എഴുതുന്നു: “നിശ്ചയം സുന്നത്ത്, ഖബർ ഭൂമിയിൽ നിന്നും കൂടുതലായി ഉയർത്തരുത് എന്നും മുകൾഭാഗം കൂനയ്ക്കാൻ പാടില്ല എന്നും ഈ ഹദീസിലുണ്ട്. എന്നാൽ ഏകദേശം ഒരു ചാൺ ഉയർത്തുകയും മുകൾഭാഗം പരത്തുകയും ചെയ്യണം. ഇതാണ് ഇമാം ശാഫി ഈ (റ) യുടേയും അദ്ദേഹത്തെ പിൻപറ്റിയവരുടേയും അഭിപ്രായം” (ശറഹ് മുസ്ലിം 4/42)

    ഖബറുകൾ മഹാന്മാരുടേതാണെങ്കിലും സാധാരണക്കാരുടേതാണെങ്കിലും ഭൂമിയുടെ വിതാനത്തിൽ നിന്നും ഒരു ചാൺ മാത്രമേ ഉയർത്താൻ പാടുള്ളൂ. അതിൽ കൂടുതൽ ഉയർത്തുന്നതും അലങ്കരിക്കുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബർ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്. ഇക്കാര്യം ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) തന്നെ പ്രഖ്യാപിക്കുന്നത് കാണുക: “(തെളിവുകളുടെ അടിസ്ഥാനത്തിൽ) സത്യം മനസ്സിലാക്കിയ പണ്ഡിതന്മാരിൽ പെട്ട ഇമാം അബുൽഹസൻ അൽ സ അ്ഫറാനി തന്റെ ‘അൽജനാ ഇസ്’ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു: ഖബർ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാൻ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞു പോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാർ ചെയ്യുന്നതു പോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറ ഇൽ വെറുക്കപ്പെട്ട ബിദ് അത്തുകളിൽ ഉൾപെട്ടതാണ്. ഇത് വർജ്ജിക്കൽ നിർബന്ധമാണ്. ഇത് ചെയ്യുന്നവരെ വിരോധിക്കൽ അനിവാര്യവുമാണ്. ഇമാം സ അ്ഫറാനി പറഞ്ഞു: വല്ലവനും സലാം പറയാൻ ഉദ്ദേശിച്ചാൽ മയ്യിത്തിന്റെ മുഖത്തിന്റെ നേരെ നിൽക്കണം. പ്രാർത്ഥിക്കാൻ ഉദ്ദേശിച്ചാൽ അവിടെ നിന്ന് തെറ്റി ഖിബ് ലക്ക് അഭിമുഖമായി നിന്ന് പ്രാർത്ഥിക്കണം. അബൂമൂസ (റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാർ പറഞ്ഞു: ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖിബ് ലക്ക് പിന്നിട്ട് മയ്യിത്തിനെ അഭിമുഖീകരിച്ച് അവൻ സലാം പറയണം. എന്നാൽ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്യസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവർ പ്രസ്താവിച്ചത് വളരെ യാഥാർത്ഥ്യമാണ്. തീർച്ചയായും നബിചര്യയുടെ അഭാവം കാരണം ക അ്ബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കൽ നല്ലതല്ല. എന്നാൽ മറ്റു രണ്ട് മൂലകളിൽ ചുംബിക്കൽ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടൽ പോലും സുന്നത്തല്ല.” (ശറഹുൽ മുഹദ്ദബ്: 5/311) ഇമാം നവവി(റ) തന്നെ ഇതേ ഗ്രന്ഥത്തിൽ മറ്റൊരു സ്ഥലത്ത് എഴുതുന്നത് കാണുക:

    “നബി(സ) യുടെ ഖബറിനെ തവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. തന്റെ വയറുകൊണ്ടോ മുതുകു കൊണ്ടോ ഖബറിന്റെ ചുമരിനെ സ്പർശിക്കൽ വെറുക്കപ്പെട്ടതാണ്. ഇപ്രകാരം അബൂ ഉബൈദുൽ ഹലീമിയും മറ്റും പറയുന്നു. അവർ വീണ്ടും പറയുന്നു. അവർ വീണ്ടും പറയുന്നു: ഖബറിനെ കൈകൊണ്ട് തൊടലും ചുംബിക്കലും വെറുക്കപ്പെട്ട കറാഹത്താണ്. തിരുമേനി (സ) ജീവിച്ചിരുന്ന കാലത്ത് അകന്ന് നിൽക്കുന്നത് പോലെ അകന്നു നിൽക്കണം. ഈ പറഞ്ഞതാണ് യാഥാർത്ഥ്യം. പണ്ഡിതന്മാർ ഇപ്രകാരം ഏകോപിച്ചു പ്രസ്താവിക്കുന്നുണ്ട്. സാധാരണക്കാരായ ധാരാളം മനുഷ്യർ ഇതിനെതിരായി പ്രവർത്തിക്കുന്നത് കണ്ട് നീ വഞ്ചിതനാകരുത്. നിശ്ചയം പ്രവ്യത്തിയും പിന്തുടരലും സഹീഹായ ഹദീസുകളും (അതുമായി യോജിച്ച) പണ്ഡിതാഭിപ്രായങ്ങളുമാണ്. സാധാരണക്കാരായ ജനങ്ങൾ നിർമ്മിച്ചുണ്ടാക്കിയ അനാചാരങ്ങളിലേക്കും അവരുടെ വിഡ്ഡിത്തത്തിലേക്കും നീ തിരിഞ്ഞു നോക്കരുത്. ബുഖാരിയിലും മുസ്ലിമിലും ആയിശ (റ) യിൽ നിന്ന് ഇപ്രകാരം ഉദ്ദരിക്കുന്നു. നബി(സ)പറഞ്ഞു: ‘നമ്മുടെ മതത്തിൽ അതിലില്ലാത്തത് ആരെങ്കിലും നിർമ്മിച്ചാൽ അത് ഉപേക്ഷിക്കപ്പെടണം’ മുസ്ലിമിന്റെ നിവേദനത്തിൽ ഇപ്രകാരം പറയുന്നു. ‘നമ്മുടെ നിർദ്ദേശമില്ലാതെ എന്തെങ്കിലും പ്രവ്യത്തി ആരെങ്കിലും ചെയ്താൽ അത് വർജ്ജിക്കപ്പെടണം’ അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു: നബി(സ) അരുളി: ‘എന്റെ ഖബറിനെ നിങ്ങൾ ആഘോഷ സ്ഥലമാക്കരുത്. നിങ്ങൾ എനിക്ക് സ്വലാത്ത് ചൊല്ലുക; നിങ്ങളെവിടെയായിരുന്നാലും നിങ്ങളുടെ സ്വലാത്ത് എനിക്ക് എത്തിക്കപ്പെടും.’ (അബൂദാവൂദ് ഇത് സ്വഹീഹായി ഉദ്ധരിക്കുന്നു). ഫുളൈലുബ്നു ഇയാള് (റ) പറയുന്നു: നീ സന്മാർഗത്തിന്റെ വഴി പിൻ തുടരുക. അതിൽ പ്രവേശിക്കുന്നവർ കുറവാണെന്നത് നിനക്ക് ഉപദ്രവം ചെയ്യുകയില്ല. ദുർമാർഗ്ഗത്തിന്റെ വഴിയെ നീ സൂക്ഷിക്കുക. അതിൽ പ്രവേശിക്കുന്നവരുടെ വർദ്ധനവ് നിന്നെ വഞ്ചനയിൽ ചാടിക്കരുത്. ആരെങ്കിലും കൈ കൊണ്ടും മറ്റും നബി(സ)യുടെ ഖബറിനെ സ്പർശിക്കലാണ് തബർ റുക് എടുക്കുന്നതിൽ ഏറ്റവും അനുയോജ്യമായതെന്ന് വിശ്വസിക്കുകയാണെങ്കിൽ അത് അജ്ഞതയും അശ്രദ്ധയുമാണ്. നിശ്ചയം തബർ റുക് (നന്മ) എടുക്കൽ മതനിയമങ്ങളുമായി യോജിക്കുന്നതിലാണ്. സത്യത്തിനു എതിർ പ്രവർത്തിക്കുന്നതിൽ എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കുക?” (ശറഹുൽ മുഹദ്ദബ്: 8/275)ഇമാം നവവി (റ) തന്നെ തന്റെ മിൻഹാജുത്ത്വാലിബീനിൽ പറയുന്നു:“ഖബർ (ഒരു ചാണിലധികം ) ഉയർത്തുന്നതും അതിന്മേൽ തേപ്പ് നടത്തുന്നതും അതിന്മേൽ എഴുതുന്നതും വെറുക്കപ്പെട്ടതാണ്” (മിൻഹാജുത്ത്വാലിബീൻ പേജ്:29)ഖബറിന്മേൽ പള്ളി നിർമ്മിക്കുന്നത് വെറുക്കപ്പെടും. അബൂമർസദ് (റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്ക്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങൾ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യർ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകൾ അവർ പ്രാർത്ഥനാ സ്ഥലമാക്കിയതുകൊണ്ടാണ്. ഒരു സ്യഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബർ പള്ളിയാക്കുന്നത് ഞാൻ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യർക്കും ഫിത്നയാവുമെന്ന് ഞാൻ ഭയപ്പെടേണ്ടതാണ്” (ശറഹുൽ മുഹദ്ദബ് 5/314)

    ഫളാലത്തുബ്നു ഉബൈദ് (റ) റിപ്പോർട്ട്: അദ്ദേഹം പറഞ്ഞു: ‘ഖബർ നിരപ്പാക്കാൻ നബി(സ) കല്പിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്’. സ്വഹീഹ് മുസ്ലിം ഹദീസ് നമ്പർ:968. ഇതിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി (റ) എഴുതുന്നു: “ഈ ഹദീസിൽ ഖബറിന്മേൽ എന്തെങ്കിലും നിർമ്മിക്കലും ഖബറിന്മേൽ കുമ്മായം തേക്കലും കറാഹത്താണെന്നും അതിന്മേൽ ഇരിക്കൽ ഹറാമാണെന്നുമുണ്ട്. ഇത് ഇമാം ശാഫി ഈ (റ)യുടേയും മുസ്ലിം ഭൂരിപക്ഷ പണ്ഡിതന്മാരുടേയും മദ് ഹബാണ്....

    .....നമ്മുടെ അസ്വ് ഹാബ് പറഞ്ഞത് ഖബർ കുമ്മായമിടൽ കറാഹത്തും അതിന്മേൽ ഇരിക്കൽ ഹറാമുമാണെന്നാണ്. ഇതുപോലെ ഖബറിന്മേൽ ഊന്നുകയോ ചാരുകയോ ചെയ്യുന്നതും ഹറാമാണ്. എന്നാൽ ഖബറിന്മേൽ വല്ലതും നിർമ്മിക്കൽ, നിർമ്മിക്കുന്നവന്റെ അധീനതയിലുള്ള സ്ഥലത്താണ് ഖബറെങ്കിൽ അത് കറാഹത്താണ്. പൊതുകബർസ്ഥാനിയിലാണെങ്കിൽ ഹറാമുമാണ്. ഈ കാര്യം ഇമാം ശാഫി ഈ (റ) യും അസ് ഹാബും വ്യക്തമായി പറഞ്ഞിട്ടുണ്ട്.

    ‘അൽ ഉമ്മിൽ’ ഇമാം ശാഫി ഈ (റ) പറഞ്ഞു: ‘മക്കയിലെ ഇമാമീങ്ങൾ ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ചു കളയാൻ കല്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’. ഖബറിന്മേൽ നിർമ്മിക്കപ്പെട്ടവയെല്ലാം പൊളിച്ച് കളയണമെന്ന് ഇമാം ശാഫി ഈ പറഞ്ഞതിനു നബി(സ)യുടെ വചനം തെളിവാകുന്നു. ‘ഉയർത്തപ്പെട്ട ഖബറുകളെല്ലാം നീ നിരപ്പാക്കണം’ (എന്നാണ് ആ നബി വചനം.)“ (ശറഹു മുസ്ലിം 4/43)

    ഇമാം നവവി (റ) തന്റെ ‘അൽ ഈളാഹി’ൽ രേഖപ്പെടുത്തുന്നത് കാണുക: “നബി (സ) യുടെ ഖബർ ത്വവാഫ് (ചുറ്റൽ) ചെയ്യാൻ പാടില്ല. വയറും മുതുകും അതിന്റെ ചുമരിൽ ചേർക്കാനും പാടില്ല. ഇക്കാര്യം ഹലീമി എന്നവരും മറ്റും പറഞ്ഞിട്ടുണ്ട്. (ആ ഖബറിനെ) കൈകൊണ്ട് തടവലും മുത്തലും കറാഹത്താകുന്നു. ജീവിത കാലത്ത് ഹാജറായാൽ എങ്ങിനെ സമീപിക്കുമോ അതുപോലെ അകന്നു നിൽക്കണം. ഇതാണ് പണ്ഡിതന്മാർ പറഞ്ഞതും ഏകോപിച്ചതും. പൊതുജനം ഇതിന്നെതിരിൽ പ്രവർത്തിക്കുന്നത് കണ്ട് വഞ്ചിതരായിപ്പോകരുത്. വിവരം കെട്ടവരും സാധാരണക്കാരുമായ ആളുകൾ പുതുതായി ഉണ്ടാക്കിയ കാര്യങ്ങൾ നോക്കുക തന്നെ വേണ്ട. പിൻപറ്റലും കർമ്മവും വിവരമുള്ളവർ പറഞ്ഞതനുസരിച്ചാണ് വേണ്ടത്. സന്മാർഗം നീ പിന്തുടരുക; ആ വഴിയിൽ പ്രവേശിക്കുന്നവർ കുറവാകുന്നു എന്നത് നിനക്ക് പ്രയാസമാവരുത്. വഴികേടിന്റെ മാർഗം നീ സൂക്ഷിക്കണം. ആ വഴിയിൽ കടക്കുന്നവരുടെ ആൾപ്പെരുപ്പം കണ്ട് നീ വഞ്ചിതനാകരുത് എന്ന് ഫുളയ്ലുബ്നു ഇയാള് പറഞ്ഞത് വളരെ മനോഹരമാണ്.” (അൽ ഈളാഹ്, പേജ്: 919)

    നോക്കൂ ഇന്ന് നമ്മുടെ സമൂഹത്തിൽ സമസ്തക്കാരായ മുസ്ല്യാക്കന്മാരുടെ പിന്തുണയോടെ ചെയ്യുന്നതും അംഗീകരിച്ചു വരുന്നതുമായ ഖബർ കെട്ടി ഉയർത്തൽ, അതിന്മേൽ ഖുബ്ബ നിർമ്മിക്കൽ, പേരെഴുതിവെക്കൽ, കുമ്മായമിടൽ, അത് ചുറ്റൽ, തൊടൽ ചുംബിക്കൽ...തുടങ്ങിയ എല്ലാ സമ്പ്രദായങ്ങളേയും ശക്തിയുക്തം എതിർക്കുകയും വിരോധിക്കുകയുമാണ് ശാഫി ഈ മദ് ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ) ഇവിടെ ചെയ്യുന്നത്. നബി (സ)യുടെ ഹദീസ് ഉദ്ദരിച്ചുകൊണ്ടാണീ ആഹ്വാനമെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അപ്പോൾ ഇവർ കാട്ടിക്കൂട്ടുന്ന ഇത്തരം പേക്കൂത്തുകൾക്ക് സ്വന്തം മദ് ഹബിന്റെ പോലും പിൻ ബലമില്ലെന്നും അത് ജൂത-ക്രൈസ്തവരുടെ ചര്യയാണെന്നും ഇതിൽ നിന്നും വ്യക്തമാണ്.

    എന്നാൽ പിശാച് മനുഷ്യരെ നരകത്തിലെത്തിക്കാൻ കഠിനശ്രമത്തിലാണ്. അവനും അവന്റെ കൂട്ടാളികളായ പുരോഹിതവർഗ്ഗവും ജനങ്ങളെ ശിർക്കിലും അനാചാരങ്ങളിലും തളച്ചിടാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. നമ്മുടെ ഗുണകാംക്ഷാനിർഭരമായ മുന്നറിയിപ്പുകളെ പരിഹസിച്ച് തള്ളിക്കൊണ്ട് അവരാണ് തെറ്റുപറ്റാത്ത കക്ഷികൾ എന്നഹങ്കരിച്ച് നരകത്തിന്റെ വഴിയിൽ ഐക്യപ്പെടുന്ന സഹോദരങ്ങളോട് നമുക്ക് സഹതപിക്കാം. അവർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം!