വിശ്വാസ കാര്യങ്ങള്‍ : അല്ലാഹുവിലുള്ള വിശ്വാസം
ശമീര്‍ മദീനി
ഇസ്‌ലാം തുടക്കക്കാര്‍ക്ക് ( ഭാഗം - 2 )
അല്ലാഹുവിലുള്ള വിശ്വാസം
വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാകുന്നു. അതില്‍ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങളാണ് ചുവടെ വിവരിക്കുന്നത്.
1. അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കല്‍
അല്ലാഹുവിന്റെ അസ്തിത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒട്ടനവധി ദൃഷ്ടാന്തങ്ങള്‍ പ്രപഞ്ചസ്രഷ്ടാവ് ഇവിടെ സംവിധാനിച്ചിട്ടുണ്ട്. പടച്ചവനെ അറിയാനും അവന്റെ ശക്തി-മാഹാത്മ്യങ്ങള്‍ ഗ്രഹിക്കാനും അത് മനുഷ്യനെ സഹായിക്കുന്നതാണ്. സൂര്യ-ചന്ദ്രാദി നക്ഷത്രങ്ങളേയും രാപകലുകളുടെ മാറ്റങ്ങളെയുമൊക്കെ കുറിച്ച് ചിന്തിക്കാനും ദൃഷ്ടാന്തങ്ങള്‍ ഗ്രഹിക്കാനും ഖുര്‍ആന്‍ മനുഷ്യരാശിയോട് ആവശ്യപ്പെടുന്നുണ്ട്. "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (3:190)
"ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.'' (2:164)
ഈ ലോകത്ത് മനുഷ്യന് പുറമെ സചേതനവും അചേതനവുമായ ഒട്ടനവധി സൃഷ്ടികളുണ്ട്. ഏകകോശജീവിയായ അമീബ മുതല്‍ ആനയുടെ പതിന്മടങ്ങ് വലിപ്പമുള്ള നീലത്തിമിംഗലം വരെ ധാരാളം ജീവജാലങ്ങള്‍. മനുഷ്യനടക്കമുള്ള ഈ ജീവജാലങ്ങളെ ആരാണ് പടച്ചുണ്ടാക്കിയത്? ശൂന്യതയില്‍ നിന്ന് വല്ലതും ഉണ്ടാകുമോ?
മനുഷ്യനെ സൃഷ്ടിച്ചത് അവന്റെ മാതാപിതാക്കളാണെന്ന് പറയാന്‍ സാധിക്കുകയില്ല. മാതാപിതാക്കള്‍ വിചാരിക്കുന്ന വിധത്തിലല്ല അവന്റെ ജനനം. അതല്ലെങ്കില്‍ ദൃശ്യപ്രപഞ്ചത്തിലെ മറ്റാരെങ്കിലുമാണെന്ന് കരുതുവാനും നിര്‍വാഹമില്ല. അവന്‍ യാദൃച്ഛികമായുണ്ടായുണ്ടായതാണെന്ന് പറയുവാനും ബുദ്ധിയും ബോധവുമുള്ള ഒരാള്‍ക്ക് സാധിക്കുകയില്ല. കാരണം ഏതൊരു വസ്തുവിനും കര്‍മത്തിനും അതിന് പിന്നില്‍ ഒരു സൂത്രധാരന്‍ അനിവാര്യമാണ്.
"അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല. അതല്ല, അവരുടെ പക്കലാണോ നിന്റെ രക്ഷിതാവിന്റെ ഖജനാവുകള്‍! അതല്ല, അവരാണോ അധികാരം നടത്തുന്നവര്‍?'' (52:35-37)
ഇത്ര കണിശവും സൂക്ഷ്മവുമായ പ്രപഞ്ചവും അതിലെ പ്രതിഭാസങ്ങളും സൃഷ്ടിജാലങ്ങളും യാദൃച്ഛികമായുണ്ടായതാണ് എന്ന് കരുതുന്നതിനെക്കാള്‍ വലിയ വിഡ്ഢിത്തവും അന്ധവിശ്വാസവും വേറെയുണ്ടോ എന്നത് സംശയമാണ്.
ബുദ്ധിയും വിവേകവുമുള്ള മനുഷ്യനോട് ഖുര്‍ആന്‍ ചോദിക്കുന്നു. "മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.'' (76:1-2)
ധിക്കാരത്തോടും തികഞ്ഞ അഹങ്കാരത്തോടും കൂടിയല്ലാതെ നീതിബോധമുള്ള ആര്‍ക്കാണ് സത്യസന്ധമായി ഇതിനെ നിഷേധിക്കാന്‍ സാധിക്കുക?
2. അല്ലാഹുവിന്റെ ഏകത്വം
അസ്തിത്വത്തിലും അവകാശങ്ങളിലും ഗുണവിശേഷണങ്ങളിലുമെല്ലാം അല്ലാഹു ഏകനും അദ്വിതീയനുമാണ്. ഒരു വലിയ ദൈവവും അതിന് താഴെ കുറേ കുട്ടിദൈവങ്ങളും എന്ന സങ്കല്‍പം ഇസ്ലാം അംഗീകരിക്കുന്നില്ല. അപ്രകാരം തന്നെ ഓരോ കാര്യങ്ങള്‍ക്കും ഓരോ ദൈവം എന്ന ബഹുദൈവസങ്കല്‍പവും ഇസ്ലാമിനന്യമാണ്. എല്ലാം പടച്ച് പരിപാലിക്കുന്ന സര്‍വശക്തനും കരുണാവാരിധിയുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. "അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു.'' (13:14)
വ്യാജദൈവങ്ങളുടെ ദൌര്‍ബല്യം ഒരു ഉപമയിലൂടെ ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക. "മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.'' (22:73)
പ്രാപഞ്ചിക പ്രതിഭാസങ്ങളിലെ കൃത്യതയും കണിശതയും അവക്കിടയിലെ താളപ്പൊരുത്തവും ഏകീഭാവവുമെല്ലാം പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ ഏകത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. "ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അത് രണ്ടും തകരാറാകുമായിരുന്നു. അപ്പോള്‍ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു, അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധനാകുന്നു!'' (21:22)
അല്ലാഹുവിന്റെ ഏകത്വം അഥവാ തൌഹീദ് പ്രധാനമായും മൂന്ന് തലങ്ങളെ സ്പര്‍ശിക്കുന്നു.
1. സൃഷ്ടികര്‍തൃത്വത്തിലെ ഏകത്വം. (തൌഹീദുറുബൂബിയ്യ): സര്‍വ ചരാചരങ്ങളുടെയും സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും അല്ലാഹു മാത്രമാണെന്ന് അംഗീകരിക്കലാണ് ഇതിന്റെ താല്‍പര്യം.
അല്ലാഹു പറയുന്നു: "മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?'' (35:3)
2. ആരാധ്യതയിലെ ഏകത്വം (തൌഹീദുല്‍ ഉലൂഹിയ്യ): അല്ലാഹു മാത്രമാണ് സര്‍വവിധ ആരാധനകള്‍ക്കും അര്‍ഹന്‍. ആരാധനയുടെ യാതൊരംശവും അവനല്ലാത്ത ആര്‍ക്കും അര്‍പിച്ചു കൂടാ എന്നതാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.'' (40:60)
"പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത് എന്നും.'' (72:18)
ഇസ്ലാം പഠിപ്പിക്കുന്ന ആരാധനകളുടെ (ഇബാദത്ത്) ഇനങ്ങളില്‍ പെട്ട പ്രാര്‍ഥന, ശരണം തേടല്‍, നേര്‍ച്ച, ബലി, മറഞ്ഞ രൂപത്തിലുള്ള ഭയം തുടങ്ങി യാതൊന്നും അല്ലാഹുവല്ലാത്തവരോട് പാടുള്ളതല്ല. അതൊക്കെയും മഹാപാപവും സ്വര്‍ഗം നിഷിദ്ധമാക്കിത്തീര്‍ക്കുന്ന അപരാധവുമാണ്. "മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രായീല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.'' (5:72)
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.'' (4:48)
വിശുദ്ധ ഖുര്‍ആനിലെ ആദ്യ കല്‍പന ഏകദൈവാരാധന (തൌഹീദ്)യെ കുറിച്ചും (2:21), ആദ്യ വിലക്ക് ബഹുദൈവാരാധനയെ കുറിച്ചും(2:22) ആണെന്നത് ശ്രദ്ധേയമാണ്. അല്ലാഹു അയച്ച സകല ദൂതന്മാരും കാല-ദേശ വ്യത്യാസമില്ലാതെ പ്രഥമവും പ്രധാനവുമായി അവരുടെ ജനതകളോടുദ്ബോധിപ്പിച്ചു കൊണ്ടിരുന്നത് ഈ മഹത്തായ ആദര്‍ശമായിരുന്നു.
അല്ലാഹു പറയുന്നു: "ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.'' (21:25)
3. നാമ-വിശേഷണത്തിലെ അദ്വിതീയത (തൌഹീദുല്‍ അസ്മാഇ വസ്വിഫാത്ത്): അല്ലാഹുവും പ്രവാചകനും ൃ അല്ലാഹുവിനെ കുറിച്ചറിയിച്ച സര്‍വ വിശേഷണങ്ങളും നാമങ്ങളും യാതൊരു ഭേദഗതിയും നിഷേധവും വ്യാഖ്യാനവും ഉപമയും സാദൃശ്യപ്പെടുത്തലുമൊന്നും കൂടാതെ അംഗീകരിക്കുക എന്നതാണ് ഇതിന്റെ വിവക്ഷ.
അല്ലാഹു പറയുന്നു: "ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവന്‍.) നിങ്ങള്‍ക്ക് വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (42:11-12)
പദാര്‍ഥലോകത്തിന്നതീതമായ പടച്ച തമ്പുരാനെ മനുഷ്യന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കുമനുസരിച്ച് കോലപ്പെടുത്തുകയും അവന്‍ സ്വയം പരിചയപ്പെടുത്തിയ കാര്യങ്ങള്‍ക്ക് ഭേദഗതി വരുത്തുകയും ചെയ്യുക എന്നത് തികഞ്ഞ ധിക്കാരവും അതിക്രമവുമാണ്.
അല്ലാഹു പറയുന്നു: "അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും.'' (7:180)
അല്ലാഹുവിനെ പരിചയപ്പെടുത്തി കൊണ്ട് ഖുര്‍ആന്‍ പറയുന്നു: "അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.'' (2:255)
"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും'' (112:1-4)
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ് ഇസ്ലാമിലെ മറ്റ് വിശ്വാസ കാര്യങ്ങള്‍. അതിനാല്‍ ആദ്യമായി ശരിപ്പെടുത്തി ഉറപ്പിക്കേണ്ടതും ഇക്കാര്യം തന്നെയാണ്. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ തുണക്കട്ടെ! ആമീന്‍.
No comments:
Post a Comment