Tuesday, February 1, 2011

ഇസ്ലാം വ്യതിരിക്തമാവുന്നത്

ഇസ്ലാം വ്യതിരിക്തമാവുന്നത്...
ആദില്‍ അത്വീഫ്
ലേഖനം
ലോകത്ത് അറിയപ്പെട്ടതും അല്ലാതെയുമായി ഒട്ടേറെ മതങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വ്യക്തികളുടെ നാമവുമായോ ഏതെങ്കിലും സംസ്കാരവുമായോ ബന്ധപ്പെടുന്നതാണ് അവയിലധികവും. ഹൈന്ദവമതവും ക്രൈസ്തവമതവും ബുദ്ധമതവുമെല്ലാം അതിന്റെ ചില ഉദാഹരണങ്ങളാണ്.
ഇസ്ലാം ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. അതിന്റെ പേരില്‍ നിന്ന് തന്നെ ഈ വ്യതിരിക്തത ഗ്രഹിക്കാവുന്നതാണ്. ശാന്തി, സമാധാനം എന്നെല്ലാം അര്‍ഥം വരുന്ന സില്‍മ് എന്ന പദ ധാതുവില്‍ നിന്നാണ് ഇസ്ലാം നിഷ്പന്നമായിട്ടുള്ളത്. ഒരാള്‍ തന്റെ ജീവിതത്തെ സര്‍വ ശക്തനില്‍ സമ്പൂര്‍ണമായി സമര്‍പിക്കുമ്പോഴാണ് അയാള്‍ മുസ്ലിമായിത്തീരുന്നത്.
വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത് പ്രപഞ്ചത്തിന്റെയും മനുഷ്യപ്രകൃതിയുടെയും മതമായിട്ടാണ്. അതായത് ആകാശങ്ങളുടെയും ഭൂമിയുടെയും ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സകല ജീവജാലങ്ങളുടെയും മതം. ഖുര്‍ആന്‍ പറയുന്നത് കാണുക. "അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്? (വാസ്തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധിതമായോ അവന്ന് കീഴ്പെട്ടിരിക്കുകയാണ്. അവനിലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുന്നതും.'' (3:83)
"ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.'' (30:30)
വിമര്‍ശനങ്ങളുടെ കൂരമ്പുകളെയ്യാന്‍ ഇസ്ലാമിന്റെ ശത്രുക്കള്‍ ഏത് കാലഘട്ടത്തിലും പരിശ്രമിച്ചിട്ടുണ്ട്. അവയൊക്കെ വ്യര്‍ഥ വ്യായാമങ്ങളായിരുന്നുവെന്നാണ് ചരിത്രം തെളിയിക്കുന്നത്്. മീഡിയയും ഇസ്ലാമിന്റെ ശത്രുക്കളും കൈകോര്‍ത്ത് ഇസ്ലാം ഭീകരതയാണെന്ന് വിളിച്ചുപറഞ്ഞപ്പോഴും ഇസ്ലാമിന്റ സത്യതയെ ഉള്‍ക്കൊണ്ട ആയിരങ്ങളുണ്ടായത് അതിന്റെ തെളിമയാണ് മനസ്സിലാക്കിത്തരുന്നത്.
ഏതൊരാള്‍ക്കും പഠിക്കാനും പകര്‍ത്താനും കഴിയുന്ന ആശയമാണ് ഇസ്ലാമിന്റേത്. പണക്കാരനും പണിക്കാരനും പണ്ഡിതനും പാമരനുമെല്ലാം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന അത്ഭുത ആദര്‍ശം. അതുകൊണ്ടുതന്നെ ലോകാവസാനംവരെയുള്ളവര്‍ പിന്‍തുടരേണ്ടത് ഈ മാര്‍ഗത്തെയാണ്.
അല്ലാഹു

ദൈവനിഷേധത്തിന്റെ ഊഷര മനസ്സുമായി ജീവിതത്തെ തള്ളിനീക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വിശ്വാസത്തിന്റെ രാജരഥ്യയെ ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അനിഷേധ്യനായ നാഥനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. "നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക് ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും. അവനാണ് നിങ്ങള്‍ക്ക് വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്് ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.'' (2:28,29)
"ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്.'' (88:17-20)
അല്ലാഹു എന്നത് ഏതെങ്കിലും കുലദൈവത്തിന്റെ നാമമല്ല. പ്രത്യുത യഥാര്‍ഥത്തില്‍ ആരാധിക്കപ്പെടുവാന്‍ അര്‍ഹതയുള്ളവനെ അറബിയില്‍ വിളിക്കുന്ന പേരാണത്. മുഹമ്മദ് നബി ൃ ജനിക്കുന്നതിനുമുമ്പുതന്നെ അല്ലാഹുവിനെ അറബികള്‍ക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന്റെ അബ്ദുല്ല എന്ന പേര് തന്നെ അക്കാര്യത്തിന് തെളിവാണ്. അബ്ദുല്ല എന്നാല്‍ അല്ലാഹുവിന്റെ അടിമ എന്നര്‍ഥം. പിതാവാകട്ടെ നബി ൃ ജനിക്കുന്നതിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ക്കു പോലും അല്ലാഹുവിനെ കുറിച്ചറിയാമായിരുന്നു. ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് എന്ന ചോദ്യത്തിന് അല്ലാഹു എന്നായിരുന്നു അവര്‍ നല്‍കിയിരുന്ന മറുപടി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: "(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.) അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ? നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവും ആരാകുന്നു? അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?'' (23:84-89)
ശുദ്ധമായ ഏകദൈവവിശ്വാസമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നാഗങ്ങളെയും സ്തൂപങ്ങളെയും ആള്‍ദൈവങ്ങളെയും ആല്‍ത്തറകളെയും ആരാധിക്കുന്നതിനു പകരം ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ അല്ലാഹുവിനെ മാത്രമേ ആരാധിക്കുവാന്‍ പാടുള്ളൂ എന്നതാണ് ഇസ്ലാം വിശദീകരിക്കുന്നത്.
" ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്.'' (ഖുര്‍ആന്‍ 2:21,22)
തിന്‍മകളുടെ മാതാവാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍. ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാകും അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാകും സമാധാനം നഷ്ടപ്പെടും വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക. "വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും, അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍) അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം അവന്‍ ആകാശത്തു നിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടു പോയി തള്ളുന്നു.'' (22:31)
പ്രവാചകന്‍മാര്‍

പ്രപഞ്ചത്തിലെ ഓരോ ജീവികള്‍ക്കും അതിന്റെതായ മാര്‍ഗദര്‍ശനം ലഭിച്ചിട്ടുണ്ട്. നമുക്കുചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്ന ജീവികളില്‍ നിന്നും നമുക്കത് ബോധ്യപ്പെടുന്നതാണ്. ആര്‍ടിക്ടേണ്‍ പക്ഷികള്‍ ജൈവലോകത്തെ അത്ഭുതങ്ങളാണ്. ശൈത്യകാലത്ത് ആര്‍ട്ടിക്കില്‍ നിന്നും അന്റാര്‍ട്ടിക്കയിലേക്ക് പതിനേഴായിരം കിലമോമീറ്റര്‍ താണ്ടി ദേശാന്തരാഗമനം നടത്തുന്ന ദേശാടന പക്ഷികള്‍, അന്റാര്‍ട്ടിക്കയില്‍ ദിവസങ്ങള്‍ തങ്ങി തിരിച്ച് പറക്കുന്ന അവക്ക് വഴിതെറ്റാതെ തങ്ങളുടെ കൂട്ടിലേക്കെത്താന്‍ കഴിയുന്നു. ആരാണവര്‍ക്ക് വഴികാണിച്ചത്?
കാട്ടിലെ എഞ്ചിനീയറാണ് ബീവര്‍. ബീവറിന്റെ കൂടുനിര്‍മാണം ആശ്ചര്യകരമാണ്. ബീവര്‍ വനങ്ങളില്‍ നിന്ന് വലിയ മരത്തടികള്‍ മുറിച്ചെടുക്കുകയും അതിനെ ചെറിയ കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അതിനുശേഷം താന്‍ വീടുണ്ടാക്കുവാന്‍ നിശ്ചയിച്ച സ്ഥലത്തേക്ക് അതിനെ കൊണ്ടുപോകുന്നു. അവ കല്ലും ചെളിയുമുപയോഗിച്ച് വെള്ളത്തില്‍ താഴ്ത്തിവെച്ച് ആവശ്യമായ ഉയരത്തില്‍ ജലവിതാനമുയര്‍ത്തുന്നു. ആ അണക്കെട്ടിനുള്ളില്‍ ചെളിയും ചുള്ളിക്കമ്പുകളും ഒട്ടിച്ചുവെച്ച് ചിരട്ട കമിഴ്ത്തിവെച്ച ആകൃതിയില്‍ ബീവര്‍ കൂടുനിര്‍മിക്കുന്നു. ആധുനിക എയര്‍കണ്ടീഷനുകളെ പോലും വെല്ലുന്ന രൂപത്തിലുള്ള ഊഷ്മ ക്രമീകരണം! ആരാണ് ബീവിറിനെ കൂടു നിര്‍മിക്കുവാന്‍ പഠിപ്പിച്ചത്? ഈ ചോദ്യത്തിനുള്ള മറുപടി നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മൂസ ൌ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. "അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്? അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.''(20:49,50)
നന്‍മയും തിന്‍മയും തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രം മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതയാണ്. എന്നാല്‍ എന്താണ് നന്മയെന്നും എന്താണ് തിന്‍മയെന്നും കൃത്യമായി വേര്‍തിരിക്കുവാന്‍ മനുഷ്യര്‍ക്കാവില്ല. അതിനുവേണ്ടിയാണ് കാലഘട്ടങ്ങളിലൂടെ ലോകത്തിലേക്ക് അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചത്.
ശാന്തിയുടെ ദൂതുമായി, സമാധാനത്തിന്റെ സന്ദേശവുമായി ഈ ലോകത്തിലേക്ക് ഒട്ടേറെ പ്രവാചകന്‍മാര്‍ ആഗതരായിട്ടുണ്ട്. നൂഹ്ൌ, ഇബ്റാഹിൌം, മൂസൌ, ഈസൌ എന്നിവര്‍ അവരില്‍ ചിലരാണ്. പ്രവാചകന്‍മാരുടെ നിയോഗമില്ലാതെ ഒരൊറ്റ സമുദായവുമുണ്ടായിട്ടില്ലെന്നാണ് ഖുര്‍ആന്‍ അറിയിക്കുന്നത്.
"തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത് സത്യവും കൊണ്ടാണ്. ഒരു സന്തോഷവാര്‍ത്തഅറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.'' (35:24)
അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി ൃ. അദ്ദേഹത്തിനു ശേഷം മറ്റൊരു പ്രവാചകനില്ലെന്നാണ് ഇസ്ലാമിന്റെ ഭാഷ്യം. "മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു.'' (33:40)
മുഹമ്മദ് ൃ കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു. മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സഹജീവികളെ സ്നേഹിച്ച വിട്ടുവീഴ്ചയുടെ പ്രവാചകന്‍ ഖുര്‍ആന്‍ പറയുന്നത് കാണുക. "തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.'' (9:128)
മക്കാവിജയം അതിനൊരുദാഹരണമാണ്. പ്രവാചകന്‍ൃയെയും അനുയായികളെയും എല്ലാ രീതിയിലും ഉപദ്രവിക്കാന്‍ ശ്രമിച്ചവരായിരുന്നു അവര്‍ക്കു മുന്നില്‍ ഒരുമിച്ചുകൂടിയിരുന്നത്. പ്രവാചകന്‍ ൃയുടെ കൂടെ ഉപദ്രവിക്കപ്പെട്ടവരും കീഴടക്കാന്‍ കഴിവുള്ളവരുമുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കുനേര്‍ ഭീഷണിയുടെ വാചകങ്ങളെറിയുംമുമ്പ് അവരെ സ്വതന്ത്രരാക്കുകയായിരുന്നു പ്രവാചകന്‍ൃചെയ്തത്.
മുഹമ്മദ് ൃ അവസാനത്തെ പ്രവാചകനായതുകൊണ്ടു തന്നെ ലോകാവസാനം വരെയുള്ളവര്‍ക്ക് അദ്ദേഹത്തെ പിന്‍തുടരല്‍ നിര്‍ബന്ധമാണ്. അദ്ദേഹത്തിന്റെ ജീവിത നടപടിക്രമങ്ങള്‍ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരുമ്പോഴാണ് വിജയിക്കുവാന്‍ കഴിയുന്നത്.
വിശുദ്ധ ഖുര്‍ആന്‍

മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി അവതരിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മറ്റു വേദഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആനിന് ഒട്ടേറെ സവിശേഷതകളുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
1. അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്നു
ലോകത്ത് അവതരിപ്പിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്ന വേദഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍ മാത്രമാണ്. മറ്റുള്ള വേദഗ്രന്ഥങ്ങളൊന്നും തന്നെ അവതരിക്കപ്പെട്ടതുപോലെ നിലനില്‍ക്കുന്നില്ലെന്നാണ് ആ വേദഗ്രന്ഥങ്ങളുടെ അനുയായികള്‍ പോലും പറയുന്നത്.
ഖുര്‍ആനാകട്ടെ പ്രവാചകന്‍ ൃയുടെ കാലഘട്ടത്തില്‍ എല്ലുകളിലും കല്ലുകളിലും തോലുകളിലും മിനുസമുള്ള പലകകളിലുമായി എഴുതി സൂക്ഷിച്ചിരുന്നു. അതിലുപരിയായി ഓരോ ആയത്തുകളും മനഃപ്പാഠമാക്കുന്നവരായിരുന്നു അവിടെയുണ്ടായിരുന്നത്.
പ്രവാചകന്‍ ൃയുടെ കാലശേഷം യമാമ യുദ്ധത്തിലും മറ്റുമായി ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ പലരും മരണപ്പെടുകയും ഉമര്‍ ്യ അത് അബൂബക്കര്‍ ്യവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയാണ് അദ്ദേഹം ബോധ്യപ്പെടുത്തിയത്. അബൂബക്കര്‍ ്യ അതുള്‍ക്കൊള്ളുകയും പ്രവാചകന്‍ൃയുടെ വഹ്യ് രേഖപ്പെടുത്തിയവരില്‍പെട്ട സൈദ്ബ്നുഥാബിത് ്യവിനെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ അബൂബക്കര്‍ ്യവിന്റെ കാലഘട്ടത്തിലാണ് ഖുര്‍ആന്‍ ഇരുചട്ടകള്‍ക്കുള്ളില്‍ ക്രോഡീകരിക്കപ്പെട്ടത്.
ഉഥ്മാന്‍ ്യവിന്റെ കാലഘട്ടമായപ്പോഴേക്കും ഇസ്ലാം വ്യാപിക്കുകയും പലരും പല രൂപത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ആ സമയത്ത് അദ്ദേഹം ഖുര്‍ആനിന്റെ പകര്‍പ്പുകളുണ്ടാക്കുന്നതിനുവേണ്ടി സൈദ്ബിന്‍ഥാബിത് ്യവിനെ തന്നെ ഏല്‍പ്പിക്കുകയും അതിനുശേഷം അതല്ലാത്ത മറ്റെല്ലാം നശിപ്പിക്കുവാന്‍ അദ്ദേഹം കല്‍പ്പിക്കുകയും ചെയ്തു. ആ ഖുര്‍ആന്‍ ഇന്നും ഒരു മാറ്റത്തിനും വിധേയമാവാതെ നിലനില്‍ക്കുകയാണ്. ഖുര്‍ആന്‍ ലോകാവസാനം വരെ നിലനില്‍ക്കുമെന്നത് ദൈവിക വാഗ്ദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: "തീര്‍ച്ചയായും നാമാണ് ആ ഉദ്ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.'' (ഖുര്‍ആന്‍ 15:9)
2. വൈരുധ്യങ്ങളില്ല
വേദഗ്രന്ഥങ്ങളെ പലരും വിമര്‍ശിക്കാറുള്ളത് അതില്‍ വൈരുധ്യങ്ങള്‍ ആരോപിച്ചാണ്. വേദഗ്രന്ഥങ്ങളുടെ പുറംചട്ടയണിഞ്ഞ പല പുസ്തകങ്ങളിലും അത്തരം വൈരുധ്യങ്ങള്‍ കാണുവാനും സാധിക്കും. ഏകനായ ദൈവത്തെക്കുറിച്ച് പറയുന്ന വേദങ്ങളില്‍ തന്നെ ബഹുദൈവ വിശ്വാസത്തിന് ആക്കം കൂട്ടുന്ന വചനങ്ങള്‍ കാണുന്നതും പരലോകത്തെ വിശദീകരിക്കുന്ന വേദങ്ങളില്‍ തന്നെ പുനര്‍ജന്മ വിശ്വാസത്തെ പഠിപ്പിക്കുന്നതും വിശുദ്ധന്മാരായ പ്രവാചകന്മാരെ മദ്യപിച്ച് മത്തന്മാരായി ചിത്രീകരിക്കുന്നതും എങ്ങനെ വൈരുധ്യങ്ങളല്ലാതിരിക്കും?
ഖുര്‍ആന്‍ ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച സമാഹാരമല്ല. പ്രത്യുത, ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും വെളിച്ചം വീശുന്ന വചനങ്ങളാണ് അതിലുള്ളത്. പ്രപഞ്ചത്തെക്കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചും സാമ്പത്തിക രാഷ്ട്രീയ കുടുംബകാര്യങ്ങളെ സംബന്ധിച്ചും ദൈവത്തെയും ദൈവദൂതന്മാരെയും മരണാനന്തര ജീവിതത്തെയുമൊക്കെ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുമ്പോഴും അതില്‍ വൈരുധ്യങ്ങളുണ്ടാവുന്നില്ല എന്നത് അതിന്റെ ദൈവികതക്കുള്ള തെളിവാണ്. മാത്രവുമല്ല, ഖുര്‍ആനില്‍ ആര്‍ക്കെങ്കിലും വല്ല വൈരുധ്യങ്ങളും കാണിക്കുവാന്‍ കഴിഞ്ഞാല്‍ അത് ദൈവികമല്ലെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. "അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.'' (ഖുര്‍ആന്‍ 4:82)
3. ഖുര്‍ആനും ശാസ്ത്രവും
ആധുനിക ശാസ്ത്രത്തിന്റെ കടന്നുകയറ്റത്തോടു കൂടി മതനിരാസവുമായി രംഗത്തുവന്നവരുണ്ട്. വേദഗ്രന്ഥങ്ങള്‍ ശാസ്ത്രത്തിനെതിരാണെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. വേദഗ്രന്ഥങ്ങള്‍ അവതരിക്കപ്പട്ടത് ശാസ്ത്രീയ നിയമങ്ങള്‍ പഠിപ്പിക്കുവാനല്ല. പ്രത്യുത മാനുഷ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യത്തെ വിശദീകരിക്കുവാനാണ്. വേദഗ്രന്ഥങ്ങള്‍ ദൈവികമായതുകൊണ്ടുതന്നെ സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് അത് വൈരുധ്യമാവുകയില്ല. വിശുദ്ധ ഖുര്‍ആന്‍ ദൈവിക വചനങ്ങള്‍ മാത്രമുള്‍ക്കൊള്ളുന്ന ഏക വേദമായതുകൊണ്ടുതന്നെ ഖുര്‍ആനൊരിക്കലും സ്ഥിരീകരിക്കപ്പെട്ട ശാസ്ത്രീയ നിയമങ്ങള്‍ക്ക് എതിരാവുകയില്ല.
1876ല്‍ ഹോളണ്ടിലെ സ്വാമര്‍ഡാം എന്ന പ്രാണിശാസ്ത്രജ്ഞനാണ് തേനീച്ചകളിലെ തൊഴില്‍ വിഭജനത്തെ ആദ്യമായി ശാസ്ത്രീയമായി വിശദീകരിക്കുന്നത്. തേനീച്ചകളില്‍ റാണി, ആണ്‍, പെണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗമുണ്ടെന്നും തേനീച്ചകളിലെ ജോലികള്‍ മുഴുവനും നിര്‍വഹിക്കുന്നത് പെണ്‍ തേനീച്ചകളാണെന്നുമാണ് അദ്ദേഹം കണ്ടെത്തിയത്. ഖുര്‍ആന്‍ തേനീച്ചകളെ കുറിച്ച് പറയുന്നത് കാണുക: "നിന്റെ നാഥന്‍ തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച് കൊള്ളുക. എന്നിട്ട് നിന്റെ രക്ഷിതാവ് സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച് കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്." (16:68,69)
ഈ വചനങ്ങളില്‍ ഇത്തഖിദീ (നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക) കുലീ (നീ ഭക്ഷിച്ച് കൊള്ളുക) ഫസ്ലുകീ (നീ പ്രവേശിച്ച് കൊള്ളുക) എന്നീ പ്രയോഗങ്ങളെല്ലാം സ്ത്രീലിംഗ ക്രിയകളാണ്. പുല്ലിംഗമായിരുന്നുവെങ്കില്‍ ഇത്തഖദ്, കുല്‍, ഫസ്ലുക് എന്നായിരുന്നു പറയേണ്ടിയിരുന്നത്. അഥവാ തേനീച്ചകളില്‍ തേന്‍ ശേഖരിക്കുന്നതും പാര്‍പിടമുണ്ടാക്കുന്നതുമെല്ലാം പെണ്‍തേനീച്ചകളാണെന്നറിയുന്ന നാഥന്റെതാണ് ഖുര്‍ആനെന്നര്‍ഥം.
ഏതൊരാള്‍ക്കും എങ്ങനെ പരിശോധിച്ചാലും ദൈവികമെന്ന് ബോധ്യപ്പെടുന്ന വിശുദ്ധ ഖുര്‍ആന്‍ ലോകാവസാനം വരെയുള്ളവര്‍ക്കുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ്.
പരലോകം

മരണം ജീവിതത്തിന്റെ അന്ത്യമല്ല. മരണത്തോടുകൂടി ജീവിതം അവസാനിക്കുമെന്നത് മിഥ്യാധാരണയാണ്. മരണാനന്തര ജീവിതം സത്യവും ബുദ്ധിയുള്ളവരുടെ തേട്ടവുമാണ്.
നന്‍മ തിന്‍മകള്‍ക്കുള്ള രക്ഷാ ശിക്ഷകള്‍ ഈ ലോകത്ത് പൂര്‍ണമായി നമുക്ക് നല്‍കാനാവില്ല. ഒരാളെ കൊന്നാലും നൂറുപേരെ കൊന്നാലും ഭൌതിക കോടതികള്‍ക്കു നല്‍കാനുള്ള ശിക്ഷകള്‍ വ്യത്യസ്തമല്ല. അതിനുള്ള കൃത്യമായ വേദിയാണ് പരലോകം. ഖുര്‍ആന്‍ പറയുന്നത് കാണുക. "ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.'' (3:185)
"അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.'' (2:39)
"തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അത്തരം സല്‍പ്രവര്‍ത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീര്‍ച്ചയായും പാഴാക്കുന്നതല്ല. അക്കൂട്ടര്‍ക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകള്‍. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്. അവര്‍ക്കവിടെ സ്വര്‍ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടുന്നതാണ്. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും. അവിടെ അവര്‍ അലങ്കരിച്ച കട്ടിലുകളില്‍ ചാരിയിരുന്ന് വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!'' (18:30,31)
അതിനാല്‍ ശാന്തിയുടെയും സമാധാനത്തിന്റയും മതമായ ഇസ്ലാമിനെ തെറ്റുധാരണകള്‍ മാറ്റിവെച്ച് അതിന്റെ പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കുക. നാഥന്‍ അനുഗ്രഹിക്കട്ടെ.

No comments:

Post a Comment