Tuesday, February 1, 2011

ഇസ്ലാം: നവോത്ഥാനവും പ്രബോധനവും

ഇസ്ലാം: നവോത്ഥാനവും പ്രബോധനവും
അല്‍ത്താഫ് അമ്മാടിക്കുന്ന്
ലേഖനം
ലോകത്ത് മനുഷ്യാരംഭം മുതല്‍ മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശികളായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിരുന്നു. മനുഷ്യര്‍ എവിടെ നിന്ന് വന്നു! എന്തിന് വേണ്ടി ജീവിക്കുന്നു! എങ്ങോട്ട് പോകുന്നു! തുടങ്ങിയ മൌലികമായ ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി പ്രവാചകന്മാര്‍ക്കുണ്ടായിരുന്നു. അതോടൊപ്പം മനുഷ്യര്‍ അനുഭവിക്കുന്ന ശാരീരിക-മാനസിക- സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പ്രവാചകന്മാര്‍ നിര്‍ദേശിക്കുകയും അത് പ്രായോഗികമായ മാര്‍ഗങ്ങളിലൂടെ പ്രബോധിത സമൂഹത്തെ തെര്യപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ൃലൂടെ പ്രവാചകനിയോഗത്തിന് അന്ത്യം കുറിച്ചതോടുകൂടി സത്യസന്ദേശപ്രചരണവും, സത്യസാക്ഷ്യ നിര്‍വഹണവും നടത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയായി. വിശ്വാസികളില്‍ പണ്ഡിതന്മാരാണ് ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിക പ്രബോധനം പണ്ഡിതന്മാര്‍ മാത്രമാണ് ചെയ്യേണ്ടത് എന്നും അവരെകുറിച്ച് വാചാലാവുകയും അത്വഴി ആത്മസായൂജ്യമടയുകയും ചെയ്യുകയെന്നതാണ് സാധാരണക്കാരന്റെ കര്‍ത്തവ്യം എന്ന് ഭൂരിഭാഗം പേരും ബോധപൂര്‍വമല്ലാതെ ധരിച്ച് വെച്ചിരിക്കുന്നു. എന്നാല്‍ സത്യപ്രബോധനം എന്ന ബാധ്യത എല്ലാ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. "അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല.'' (അല്‍ബഖറ 140)
സാമൂഹ്യനീതിയെക്കുറിച്ചും മനുഷ്യന്റെ അവകാശങ്ങളെക്കുറിച്ചും ശക്തമായ ഭാഷയില്‍ ജനങ്ങളെ ബോധവല്‍കരിച്ച പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ 'ഈ വിശുദ്ധമായ സന്ദേശം ലഭിച്ചവര്‍ ലഭിക്കാത്തവര്‍ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുണര്‍ത്തുകയുണ്ടായി. ജനങ്ങളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉത്തമ സമൂഹമെന്ന് ഖുര്‍ആന്‍ മുസ്ലിം സമൂഹത്തെ വിശേഷിപ്പിച്ചപ്പോള്‍ ഉത്തമ സമൂഹം എന്ന സ്ഥാനത്തിന് അര്‍ഹത നേടാന്‍ പറഞ്ഞ ഉപാധികള്‍ നന്മകല്‍പിക്കലും തിന്മവിരോധിക്കലുമാണ്. നന്മകല്‍പിക്കലും തിന്‍മ തടയലുമെല്ലാം ഇസ്ലാമേതര സമൂഹങ്ങളില്‍ പലരും ചെയ്യുന്നുണ്ട് എന്നുള്ളത് സ്വാഗതാര്‍ഹവും പ്രശംസനീയവുമാണ് എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ആരാധനയുടെ അനിവാര്യതാല്‍പര്യമായി ധര്‍മസംസ്ഥാപനത്തെ ഗണിക്കുകയും നീതി പുനഃസ്ഥാപിക്കുന്നതിന് ദൈവിക നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കപ്പെടേണ്ടതാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുമാകുമ്പോള്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തുകയും സാമൂഹികനീതി സ്ഥാപിതമാവുകയുള്ളൂ എന്നും ഖുര്‍ആന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. ഗതകാല ചരിത്രങ്ങളും വര്‍ത്തമാനസമൂഹത്തിലെ സംഭവങ്ങളും നമ്മോട് പറയുന്നതും മറ്റൊന്നല്ല.
സര്‍ ചക്രവര്‍ത്തിമാരുടെ ക്രൂരമായ ഭരണത്തിന്റെ കെടുതികളില്‍നിന്ന് നീതിയിലേക്ക് ലക്ഷ്യം വെച്ച്കൊണ്ടുള്ള കമ്യൂണിസ്റ് വിപ്ളവം ജനങ്ങളെ സര്‍ ചക്രവര്‍ത്തിയുടെ അടിമത്തനുകത്തില്‍നിന്ന് മോചിപ്പിച്ചു. എന്നാല്‍ അധികം താമസിയാതെ സ്റാലിന്റെ ഉരുക്കുമുഷ്ടികളില്‍ ജനങ്ങള്‍ ഞെരിഞ്ഞമരുന്ന കാഴ്ചയാണ് നാം കണ്ടത്. മനുഷ്യരോടുള്ള സ്നേഹവും മര്‍ദിതരോടുള്ള കാരുണ്യവും തന്നെയാണ് കമ്യൂണിസത്തിന്റെ രംഗപ്രവേശനത്തിന് കാരണം എന്നുള്ളത് വസ്തുതയാണ്. പരമാണു മുതല്‍ പരലോകംവരെയുള്ള കാര്യങ്ങളെക്കുറിച്ച് സ്വന്തമായ വീക്ഷണമുള്ള പ്രത്യയശാസ്ത്രമായ കമ്യൂണിസം നന്മതിന്മകളെ അതിന്റെ അഭിപ്രായമനുസരിച്ച് നിര്‍ണയിക്കുകയും അവരുടെ വീക്ഷണത്തില്‍ നന്മയായി തോന്നിയത് കല്‍പിക്കുകയും തിന്മ ഉന്മൂലനം ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു ഉത്തമ സമൂഹമായോ മാതൃകാജനതയായോ മാറുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കക്ഷിഭേദമന്യേ സമകാലിക സമൂഹത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇതിന്നപവാദമല്ല. അഴിമതിയെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും സ്വജനപക്ഷപാതിത്വത്തെക്കുറിച്ചുമെല്ലാം രാഷ്ട്രീയകക്ഷികള്‍ പരസ്പരമുന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളും അവയുടെ സത്യാസത്യങ്ങളും നമ്മെ ഓര്‍മപ്പെടുത്തുന്നത് ഒരു ഉത്തമ സമൂഹമായോ മാതൃകായോഗ്യരായോ മാറുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ്. ഇതിന് കാരണം ഭൂമിയില്‍ നേരും നെറിയും നിലനില്‍ക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുന്നതിനുള്ള പ്രചോദനം ദൈവവിശ്വാസവും വേദഗ്രന്ഥവുമായിരിക്കണം എന്ന അടിസ്ഥാനതത്ത്വം മറന്നതാണ്. തദടിസ്ഥാനത്തില്‍ രൂപംകൊണ്ട സമരങ്ങളും നവോത്ഥാന സംരംഭങ്ങളും വിപ്ളവങ്ങളും ലോകത്തിന് മാതൃകയും ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പുമൊക്കെയായി വ്യതിരിക്തത പുലര്‍ത്തിയത് അതുകൊണ്ടാണ്.
ഇസ്റാഈല്‍ മക്കളെ ക്രൂരമായി വധിച്ച്കൊണ്ടും അവരില്‍ ശേഷിക്കുന്നവരെ അടിമകളാക്കിയും ഞാന്‍ തന്നെയാണ് സര്‍വ്വാധിപതി എന്ന് അഹങ്കരിക്കുകയും ചെയ്തിരുന്ന ക്രൂരനായ സ്വേഛാധിപതിയായ ഫവോവയില്‍നിന്ന് മനുഷ്യമക്കളെ മോചിപ്പിക്കാന്‍ മൂസാ ൌക്ക് പ്രേരകമായത് ദിവ്യവചനാനുസൃതമായ ദൈവവിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ താല്‍പര്യമാണ് ക്രൂരനായ ഫറോവയുടെ കരങ്ങളില്‍നിന്ന് പാവപ്പെട്ട മനുഷ്യരെ സ്വാതന്ത്യ്രത്തിന്റെ വിശാലമായ ഭൂമിയിലേക്ക് വഴിനടത്താനുള്ള അദ്ദേഹത്തിന്റെ പ്രചോദനം. അധികാരിവര്‍ഗത്തിന്റെ പ്രശംസയോ സമൂഹത്തിലെ സ്ഥാനമാനങ്ങളോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നെയും നിന്നെയും സൃഷ്ടിച്ച സര്‍വാധിനാഥനായ അല്ലാഹുവിനെ സര്‍വ്വാത്മനാ അനുസരിക്കേണ്ടത് മനുഷ്യരായ എല്ലാവരുടെയും ബാധ്യതയാണെന്നും, അത് മാത്രമാണ് ഇഹപരമോക്ഷത്തിനുള്ള ഏകവഴിയെന്നും ഈ മഹാസത്യത്തിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നുവെന്നും മൃദുലതയോടും ആത്മാര്‍ഥതയോടും കൂടി മൂസാ ൌ ഫറോവയോടാവശ്യപ്പെട്ടു. സത്യസന്ദേശം സ്വീകരിക്കാന്‍ വൈമനസ്യം കാണിച്ച ഫറോവയോട് ഈ പാവപ്പെട്ട ഇസ്റായീല്‍ മക്കളെ നിന്റെ അടിമത്തത്തില്‍നിന്ന് വേര്‍പ്പെടുത്താനും സ്വാതന്ത്യ്രത്തിന്റെ ശാദ്വല തീരമായ തൌഹീദിന്റെ സംരക്ഷിത മേഖലയിലേക്ക് എന്നോടൊപ്പം അയക്കുവാനും സന്മനസ്സ് കാണിക്കണമെന്നും മൂസ ൌ ഫറോവയോടാവശ്യപ്പെട്ടു. അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസവും ദൈവിക സന്ദേശങ്ങളുടെ പ്രചാരണവും പ്രയോഗരീതികളുമവലംബിച്ച് മൂസാ-ഫാറൂണ്‍ ൌ പ്രവാചകന്മാര്‍ സത്യമാര്‍ഗത്തില്‍ മുന്നേറി. ഒടുവില്‍ അല്ലാഹു അക്രമികളെ ഉന്മൂലനം ചെയ്യുകയും വിശ്വാസികളെ പുനരധിവസിപ്പിക്കുകയും ചെയ്താണ് ചരിത്രം. മൂസാ ൌയെ ലോകാന്ത്യംവരെയുള്ള വിശ്വാസികള്‍ക്ക് മാതൃകയാക്കി വിശുദ്ധ ഖുര്‍ആനില്‍ വിളംബരപ്പെടുത്തി. ഇവിടെ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ താല്‍പര്യമാണ് മൂസ ൌയെ നന്മകല്‍പ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും പ്രേരിപ്പിച്ചത്. അത്കൊണ്ട്തന്നെയാണ് പ്രബോധകനായ മൂസാ ൌ വിശ്വാസികള്‍ക്ക് വഴികാട്ടിയും മര്‍ദിതജനകോടികള്‍ക്ക് പ്രതീക്ഷയുമാകുന്നത്.
മനുഷ്യന് നല്‍കപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് പരലോകത്ത് ദൈവസമക്ഷം ചോദിക്കപ്പെടുമെന്ന് ഖുര്‍ആന്‍ (102:8) വ്യക്തമാക്കുന്നു. ദാരിദ്യ്രത്തിന് മുമ്പുള്ള സമ്പത്തും, രോഗാവസ്ഥക്കു മുമ്പുള്ള ആരോഗ്യവും വാര്‍ധക്യത്തിനു മുമ്പുള്ള യൌവനവും ദൈവദത്തമായ അനുഗ്രഹങ്ങളാണ്. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യരെല്ലാംതന്നെ ബുദ്ധിപരവും, കായികവും വൈജ്ഞാനികവുമായ വൈവിധ്യമായ കഴിവുകളുള്ളവരാണ്. സമൂഹത്തിലെ സേവന-വൈജ്ഞാനിക-പ്രതിഭാ ദാരിദ്യ്രത്തിന് കാരണം കഴിവുള്ളവര്‍ അത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്തുന്നില്ല എന്നുള്ളതാണ്. നല്‍കപ്പെട്ട കഴിവുകളെ കുറിച്ച് ഭൂരിഭാഗവും സ്വയം ബോധവാന്‍മാരല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇനി കഴിവുകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ സമൂഹത്തില്‍ നന്മ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാകട്ടെ വളരെ തുച്ഛവും.
സാഹിത്യപാടവം, പ്രസംഗവൈഭവം, കായികക്ഷമത, കല, സൌഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളെല്ലാംതന്നെ സമൂഹനന്മക്കും പുരോഗതിക്കും സര്‍വോപരി ഇസ്ലാമിക പ്രബോധന-പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരം തന്നെയാണ്. എല്ലാ കഴിവുകളും എല്ലാവരിലും ഒരേ അളവില്‍ സമ്മേളിച്ചെന്ന് വരില്ല. എന്നാല്‍ തുല്യ പ്രാധാന്യമര്‍ഹിക്കുന്ന പ്രസ്തുത കഴിവുകള്‍ ഇസ്ലാമിക ഐക്യബോധത്താല്‍ സ്വാംശീകരിക്കാനും ഒരു ശരീരമായി മാറി കര്‍മ മണ്ഡലത്തിലേക്കിറങ്ങാനും നമുക്ക് കഴിയേണ്ടതുണ്ട്. വേര്‍പ്പെട്ട് പോയ അവയവങ്ങള്‍ എത്രതന്നെ ശക്തിമത്താണെങ്കിലും മൃതതുല്യമത്രെ. പ്രവാചകന്‍ വിശ്വാസികളെ ഒരു ശരീരത്തോടുപമിച്ചത് ഇവിടെ സ്മരണീയമാണ്.
വ്യത്യസ്തമായ രീതിയിലാണ് മനുഷ്യരുടെ ബുദ്ധിയെയും ചിന്താശേഷിയെയും സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്നത്. അതുകൊണ്ട്തന്നെ അഭിരുചികളും കാഴ്ചപ്പാടുകളും ഓരോ വ്യക്തിക്കും വെവ്വേറെയാവുക സ്വാഭാവികം. ബുദ്ധിജീവികളും, സാമാന്യബുദ്ധികളും, സാധാരണക്കാരുമൊക്കെയായ ജനങ്ങള്‍ പാവപ്പെട്ടവരും സമ്പന്നരുമായവര്‍ തൊഴിലുടമകളും തൊഴിലാളികളും കര്‍ഷകരുടെ സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള സകല മനുഷ്യരോടുമാണ് ഖുര്‍ആന്‍ സംവദിക്കുന്നത്. അതുകൊണ്ടുതന്നെ ദൈവിക സന്ദേശം ലഭിച്ചവര്‍ അവരുടെ വിശ്വാസം സാക്ഷാല്‍കൃതമാകുന്നതിന് സത്യസന്ദേശ പ്രചാരണം നിര്‍വഹിച്ചേ മതിയാകൂ. ഇസ്ലാമിക പ്രബോധനം സത്യവിശ്വാസിയുടെ നിര്‍ബന്ധിതബാധ്യതയത്രെ. ബുദ്ധിവൈഭവമോ വാചാലതയോ അല്ല ദഅ്വത്തിന്റെ പ്രവര്‍ത്തനത്തിനുള്ള മാനദണ്ഡം; പ്രത്യുത സത്യദീനിലിലുള്ള അടിയുറച്ച വിശ്വാസവും അല്ലാഹുവിനോടുള്ള ആത്മാര്‍ഥതയും മനുഷ്യരോടുള്ള ഗുണകാംക്ഷയുമാകുന്നു. അതുകൊണ്ടാണ് നബി ൃ കാണിച്ച് തന്നത്്, ജനങ്ങളുടെ ബുദ്ധിക്കനുസരിച്ച് അവരോട് സംവദിക്കാന്‍.
ജീനും പരിസ്ഥിതിയും സാഹചര്യങ്ങളും വ്യക്തികളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ജനങ്ങളുടെ ബുദ്ധിപരമായ നിലവാരത്തിലും കാര്യങ്ങള്‍ ഗ്രഹിക്കുന്നതിനുള്ള അടിസ്ഥാനപരമായ അറിവിന്റെയും സങ്കല്‍പങ്ങളുടെയും നിര്‍വചനങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടായിരിക്കും. അതിനാല്‍ വ്യത്യസ്തമായ നിലവാരങ്ങളിലുള്ളവരെ അഭിമുഖീകരിക്കുമ്പോള്‍ വ്യത്യസ്തമായ മാധ്യമങ്ങളും സമര്‍ഥന രീതികളും പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമത്രെ.
ഭാവനാസമ്പന്നരെയും ചിന്താശീലരെയും സാഹിത്യകൃതികളിലൂടെ സ്വാധീനിക്കാന്‍ കഴിയും. സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രഭാഷണങ്ങളാണ് ഗുണം ചെയ്യുക. ഇനിയും ചിലരെ വ്യക്തി ബന്ധങ്ങളിലൂടെ സ്വാധീനിക്കാനും ദീനീ വ്യക്തിത്വമുള്ളവര്‍ക്ക് സാധിക്കും. അയല്‍കൂട്ടങ്ങള്‍ വഴി രചനാത്മകവും സൌഹൃദപരവുമായ കൊടുക്കല്‍ വാങ്ങലുകളില്‍ ദൈവ വിശ്വാസ പ്രചോദനത്താല്‍ പരസ്പര വിശ്വാസത്തോടെയും കാരുണ്യത്തോടെയും സഹവര്‍ത്തിക്കാനും ഇസ്ലാമിക സംസ്കാരത്തിന്റെ ജീവിക്കുന്ന മാതൃകകളെ നേരില്‍ കാണാത്ത പ്രബോധിത സമൂഹത്തിന് അവസരമൊരുക്കാം. ഇത്തരം പ്രവര്‍ത്തനരീതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് നമ്മിലുള്ള കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
അഭ്യസ്തവിദ്യര്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വ്യാപാരികള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ ഇസ്ലാമിക സമൂഹത്തിലെ എല്ലാ അംഗങ്ങളും ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ വ്യവസ്ഥാപിതമായി ഏര്‍പ്പെട്ടാല്‍ മാത്രമെ സമൂഹത്തിന് പൂര്‍ണമായി ദിവ്യസന്ദേശങ്ങളുടെ മാധുര്യം അനുഭവിക്കാന്‍ കഴിയൂ.
തൊഴില്‍, വ്യക്തിപരവും കുടുംബപരവുമായ ബുദ്ധിമുട്ടുകള്‍, സാമ്പത്തികപ്രയാസം തുടങ്ങിയ കാരണങ്ങളൊന്നും ഇസ്ലാമിക പ്രവര്‍ത്തനത്തിന് തടസ്സമായിക്കൂടാ. മാത്രമല്ല അടിസ്ഥാനലക്ഷ്യം ദൈവമാര്‍ഗത്തിലുള്ള പ്രവര്‍ത്തനമായി വിശ്വാസി മനസ്സിലാക്കുമ്പോള്‍ താന്‍ നേരിടുന്ന പ്രതിസന്ധികളെ ഇസ്ലാമികാധ്യാപനങ്ങളാല്‍ മറികടക്കാനും തന്മൂലം ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും ഭാഷ്യങ്ങള്‍ ജീവിതത്തിലൂടെ അനുഭവിച്ചറിയാനും തന്മൂലം ദൈവികനിയമങ്ങളുടെ സമ്പൂര്‍ണതയെക്കുറിച്ച ഉത്തമബോധ്യം വരുന്നതിനും വിശ്വാസത്തിന്റെ രുചി ആസ്വദിക്കാനും സാധ്യമാകും. സമൂഹത്തിലെ സകലതിലേക്കും സത്യസന്ദേശം കൈമാറുവാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഖുര്‍ആന്‍ഉണര്‍ത്തുന്നു. "ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിരിക്കുന്നു. അതിലൂടെ താങ്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി, ആ മുന്നറിയിപ്പ് ലഭിക്കുന്നവര്‍ മറ്റുള്ളവര്‍ക്കും.'' (6:19)
പ്രവാചകനില്‍ നിന്ന് നേരിട്ട് ദീന്‍ പഠിച്ച സഹാബികള്‍ എല്ലാ വിശ്വാസികള്‍ക്കും മാതൃകയാണ്. അവരില്‍ ഇബ്നു അബ്ബാസ്, അലി ്യ തുടങ്ങിയ ബുദ്ധിജീവികളുണ്ടായിരുന്നു. ഭാവനാസമ്പന്നരായ ഹസ്സാനുബ്നുസാബിത്, അനസുബ്നുമാലിക്ക്, അബ്ദുല്ലാഹിബ്നു റവാഹ ്യ തുടങ്ങിയ ജാഹിലിയ്യാ സാഹിത്യകാരന്മാരെ കവച്ച്വെക്കുന്ന സ്വഹാബികളുണ്ടായിരുന്നു. അടിമയായിരുന്ന ബിലാലും അടിമമോചകനായ അബൂബക്കറും ്യ, ധനികനായ ഉഥ്മാനും ്യ ദരിദ്രനായ അബൂദര്‍റു ്യവുമുണ്ടായിരുന്നു. തുച്ഛമായ വേദനത്തിന് പണിയെടുക്കുന്നവരും സമ്പന്നരായ വ്യാപാരിപ്രമുഖരും തൊഴിലിലേര്‍പ്പെടാന്‍ സാധ്യമാകാത്ത സ്വഫ്ഫിന്റെ അഹ്ലുകാര്‍വരെ സത്യസന്ദേശ പ്രചാരണത്തെയും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളെയും തങ്ങളുടെ ദൌത്യമായി കാണുകയും അവരുടെയെല്ലാം കുടുംബപരവും തൊഴില്‍പരവുമായ മേഖലകളില്‍ നിന്ന് കൊണ്ട്തന്നെ ഇസ്ലാമിനെ പ്രതിനിധീകരിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്തപ്പോള്‍ സമൂഹം ഭൌതികതയുടെയും ആധ്യാത്മികതയുടെയും മണ്ഡലങ്ങളില്‍ ഉന്നത സ്ഥാനങ്ങളലങ്കരിച്ചു. പ്രവാചകന്റെയും നക്ഷത്രതുല്യരായ സഹാബികളുടെയും മാതൃക നാം പിന്തുടര്‍ന്നപ്പോഴെല്ലാം സമൂഹത്തില്‍ ശാന്തിയും സമാധാനവും നടമാടുകയും നീതി സ്ഥാപിതമാവുകയും സര്‍വോപരി സത്യത്തിന്റെ പ്രകാശകിരണങ്ങളേറ്റ് നാഗരികത വെട്ടിത്തിളങ്ങുകയും ചെയ്തു. നമ്മുടെ ദൌത്യനിര്‍വഹണത്തില്‍ നാം വീഴ്ച വരുത്തിയപ്പോള്‍ നാം ചകിതരും നിന്ദ്യരുമായിത്തീര്‍ന്നു. ഈ പരിതാവസ്ഥയില്‍നിന്ന് മോചനം നേടാന്‍ വഴി ഒന്നേയുള്ളൂ. അല്ലാഹുവിലേക്ക് പൂര്‍ണമായി മടങ്ങുക. "നിങ്ങള്‍ ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട, നിങ്ങള്‍തന്നെയാണു ഉത്തമര്‍, നിങ്ങള്‍ വിശ്വാസികളെങ്കില്‍.'' (ആലു ഇംറാന്‍)

No comments:

Post a Comment