Tuesday, February 1, 2011

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും

ഉറക്കം: ദൃഷ്ടാന്തവും അനുഗ്രഹവും
അബൂഅമീന്‍
വിശുദ്ധ പാത
"രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.''(30:23)


ഉറക്കം മനുഷ്യന് വിശ്രമവും ആശ്വാസവുമാണ്. കോടിക്കണക്കിന് സമ്പത്തിന്റെ ഉടമ, വലിയ വലിയ സാമ്രാജ്യങ്ങളുടെ അധിപന്‍; പക്ഷേ, സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാതെ വിഷമിക്കുകയും ഉറങ്ങാനായി ഉറക്കഗുളികകളെ ആശ്രയിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. വല്ലാത്തൊരു അവസ്ഥയായിരിക്കുമത്. സമ്പത്തും അധികാരവുമൊന്നും അയാള്‍ക്ക് ആശ്വാസം നല്‍കാത്ത വല്ലാത്തൊരവസ്ഥ. ശീതീകരിച്ച മുറികളും മൃദുലമായ വിരിപ്പുകളുമൊക്കെയുണ്ടായിട്ടും അവയില്‍ തിരിഞ്ഞുമറിഞ്ഞ് സമയം തള്ളിനീക്കുന്ന ഒരാളുടെ മാനസികസംഘര്‍ഷം വിവരണാതീതമാണ്. ഭൌതികതയല്ല സമാധാനത്തിന്റെ ഹേതുവെന്ന് അത് നമ്മോട് പറയുന്നുണ്ട്.
നേരെ മറിച്ച് സ്വന്തമായി ഒരു കിടപ്പാടവുമില്ലാതെ മറ്റുള്ളവരുടെ കടയടച്ച് ഷട്ടറിട്ട ശേഷം ചാക്കും പേപ്പറും വിരിച്ച് കിടന്ന് മിനുട്ടുകള്‍ക്കകം കൂര്‍ക്കംവലിച്ചുറങ്ങുന്ന മറ്റൊരു ജനവിഭാഗത്തെയും നമുക്ക് ചുറ്റും കണ്ണോടിച്ചാല്‍ കാണാന്‍കഴിയും. കൊതുകുകളുടെ ദംശനവും, ചുമരുകളുടെ അഭാവവും ഒന്നും അയാള്‍ക്ക് തടസ്സമാവുന്നില്ല. ശീതീകരിച്ച മുറികളും പട്ടുമെത്തയുമൊന്നും അയാള്‍ക്കാവശ്യമില്ല. സ്വസ്ഥമായി കിടന്നുറങ്ങുന്ന ആ ദൃശ്യം കണ്ട് അസൂയപ്പെട്ടു പോയ ധനാഢ്യരുണ്ടായിട്ടുണ്ട്.
ഒരിക്കല്‍ ഖലീഫ ഉമര്യ്‍വിനെ അന്വേഷിച്ച് റോമന്‍ ചക്രവര്‍ത്തി വരുമ്പോള്‍ വൃക്ഷച്ചുവട്ടില്‍ സ്വസ്ഥനായി വിശ്രമിക്കുന്ന ഖലീഫയെയാണ് അയാള്‍ക്ക് കാണാന്‍കഴിഞ്ഞത്. തന്റെ കണ്ണുകളെ അയാള്‍ക്ക് വിശ്വസിക്കാനായില്ല. അവസാനം അത്ഭുതത്തോടെ അയാള്‍ പറഞ്ഞു: "ഉമര്‍, താങ്കള്‍ നീതി പാലിച്ചു. അതിനാല്‍ നിങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിക്കുന്നു.''’’
ഉറക്കമെന്നത് വല്ലാത്തൊരനുഗ്രഹമാണ്. പക്ഷേ, അതിന്റെ അഭാവത്തിലേ അതിന്റെ വിലയറിയാനാകൂ. പടച്ചവന്റെ മഹത്തായ അനുഗ്രഹങ്ങളെ സൂചിപ്പിച്ച പല സന്ദര്‍ഭങ്ങളിലും ഉറക്കമെന്ന അനുഗ്രഹത്തെ ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചത് ശ്രദ്ധേയമാണ്. (ഉദാഹരണത്തിന് 25:47, 78:9)
രോഗകാഠിന്യം കൊണ്ടും ശക്തമായ വേദനകള്‍ കൊണ്ടും പട്ടിണി കൊണ്ടുമൊക്കെ ഉറക്കം കിട്ടാതെ രാത്രികളെ തള്ളിനീക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ടെന്നത് നാം മറക്കാതിരിക്കുക. ശത്രുക്കളുടെ തടവറയില്‍ ഭയന്ന് കഴിയുന്ന നിദ്രാവിഹീനന്റെ മുഖഭാവമൊന്നോര്‍ത്തുനോക്കൂ. ഇങ്ങനെ എത്രയെത്രയാളുകള്‍. ഉറക്കിന്റെ ഇളംതെന്നലിനായി കൊതിക്കുന്നവര്‍.
ആരാണ് ഉറക്കം എന്ന ഈ അത്ഭുതാവഹമായ പ്രതിഭാസം നമുക്ക് സംവിധാനിച്ച് വിശ്രമവും ആശ്വാസവും കനിഞ്ഞേകിയത്? നാം ചിന്തിച്ചിട്ടുണ്ടോ? ആധുനികശാസ്ത്രത്തിന് പോലും കൃത്യമായി ഒരു വിശദീകരണം നല്‍കാന്‍ കഴിയാത്ത ഒരു സമസ്യയായി ഉറക്കം ഇന്നും തുടരുകയാണ്. അല്ലാഹു പറയുന്നു. "അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ് സമയമാക്കുകയും ചെയ്തിരിക്കുന്നു.''(25:47)
ആ അനുഗ്രഹത്തിന് നന്ദി ചെയ്യാന്‍ നാം എന്നെങ്കിലും ശ്രമിച്ചിട്ടുണ്ടോ? ഉറക്കവുമായി ബന്ധപ്പെട്ട് അല്ലാഹുവും പ്രവാചകനും ൃ പഠിപ്പിച്ച മര്യാദകള്‍ പാലിക്കാന്‍ ഇത്തരം ചിന്തകള്‍ വിശ്വാസികളെ പ്രചോദിതമാക്കും.
അപ്രകാരം തന്നെ ആ ഉറക്കം ഒരുപക്ഷേ നമ്മുടെ അന്ത്യവുമാകാം. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ക്ക് നാം സാക്ഷിയാകുകയും ഒരുപാട് വാര്‍ത്തകള്‍ നാം കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് സൂചിപ്പിച്ചു കൊണ്ട് അല്ലാഹു പറയുന്നു: "ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചുവെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.''(39:42)

No comments:

Post a Comment