Tuesday, February 1, 2011

മുസ്ലിമും അയല്‍വാസിയും

മുസ്ലിമും അയല്‍വാസിയും
അബൂ അദീബ്
തിരുമൊഴി
"അബൂദര്‍റ് (റ)ല്‍ നിന്ന് നിവേദനം. നബി(സ)പറഞ്ഞു. നീ കറി പാകം ചെയ്യുകയാണങ്കില്‍ നിന്റെ അയല്‍വാസികളെ കൂടി പരിഗണിച്ചു കൊണ്ട് അതില്‍ കുറച്ച് കൂടുതല്‍ വെള്ളം ചേര്‍ക്കുക'' (മുസ്ലിം)


മനുഷ്യബന്ധങ്ങളുടെ ദൃഢതയാണ് സമൂഹത്തിന്റെ കെട്ടുറപ്പിനെ സന്തുലിതമാക്കുന്നത്. മാനവികമൂല്യങ്ങളുടെ ഉദാത്തഭാവങ്ങള്‍ പഠിപ്പിക്കുന്ന ഇസ്ലാം സാമൂഹ്യബന്ധങ്ങള്‍ക്ക് അതുല്യമായ സ്ഥാനം നല്‍കിയിട്ടുണ്ട്. സമൂഹത്തിന്റെ ഘടന നന്നായിത്തീരുന്നത് കുടുംബങ്ങള്‍ തമ്മിലുളള യോജിപ്പും സഹവര്‍ത്തിത്വവും വിമലീകൃതമാകുന്നതിലൂടെയാണ്. അയല്‍വാസികള്‍ക്കിടയിലെ അനൈക്യവും ഛിദ്രതയും സാമൂഹ്യഘടനയെ പുഴുക്കുത്തേല്‍പിക്കുമെന്ന് തീര്‍ച്ചയാണ്.
അയല്‍വാസികളോടുള്ള സഹവര്‍ത്തനം ഏറ്റവും നന്നാക്കി തീര്‍ക്കേണ്ടത് വിശ്വാസികളുടെ കടമയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ദൈനംദിന ജീവിതത്തില്‍ കുടുംബ ബന്ധുക്കളേക്കാളേറെ അയല്‍വാസികള്‍ക്കാണ് ഇടപെടാന്‍ കഴിയുക എന്നത് സുവിദിതമാണല്ലോ. അയല്‍പക്ക മര്യാദകളെക്കുറിച്ചുളള മുഹമ്മദ് നബി ൃയുടെ അധ്യാപനങ്ങള്‍ കുടുംബക്കാരെപ്പോലെ തന്നെ പവിത്രമായ ബന്ധമാണ് അയല്‍വാസികള്‍ തമ്മിലുണ്ടായിരിക്കേണ്ടത് എന്ന് പഠിപ്പിക്കുന്നുണ്ട്. കറിയില്‍ വെള്ളം ചേര്‍ത്തിട്ടാണെങ്കിലും അയല്‍വാസിയെ പരിഗണിക്കണം എന്ന പ്രവാചകവചനം ഇതിനുളള മകുടോദാഹരണമാണ്.
സ്വന്തം സ്വത്തില്‍ നിന്ന് അയല്‍വാസിക്ക് അനന്തരാവകാശം നല്‍കുവാന്‍ നിര്‍ദേശിക്കുമോയെന്ന് ഞാന്‍ വിചാരിക്കുവോളം അയല്‍വാസിക്ക് നന്മ ചെയ്യാന്‍ ജിബ്രീല്‍ ൌ തന്നെ ഉപദേശിക്കുകയുണ്ടായി(ബുഖാരി, മുസ്ലിം)യെന്ന് റസൂല്‍ ൃ പറയുകയുണ്ടായി. അതിരു തര്‍ക്കങ്ങളുടെയും കുട്ടികള്‍ തമ്മിലുള്ള നിസ്സാര പിണക്കങ്ങളുടെയും പേരില്‍ സ്നേഹബന്ധം മുറിക്കുന്ന ആധുനിക അയല്‍പക്ക സംസ്കാരത്തിന് നബി ൃയില്‍ നിന്ന് ഒട്ടനവധി പഠിക്കാനുണ്ട്. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കുന്നവന്‍ സത്യവിശ്വാസിയല്ല (ത്വബ്റാനി) എന്നരുളിയ റസൂല്‍ ൃ അയല്‍വാസി നിന്നോട് കടം ചോദിച്ചാല്‍ നീയവന് നല്‍കണമെന്നും സഹായം ആവശ്യപ്പെട്ടാല്‍ നീയവനെ സഹായിക്കണമെന്നും മറ്റെന്തെങ്കിലും ആവശ്യങ്ങളുണ്ടായാല്‍ അത് നിര്‍വഹിച്ചുകൊടുക്കണമെന്നും (ഇബ്നു ഹിബ്ബാന്‍) ഉപദേശിക്കുകയുണ്ടായി. എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം ലഭിച്ച കുറച്ചാളുകള്‍ മാത്രമേ അയല്‍വാസിയോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നുള്ളൂ എന്നും നബി കൂട്ടിച്ചേര്‍ത്തു.
അയല്‍വാസിക്ക് ഉപദ്രവങ്ങളുണ്ടാക്കുന്നത് മഹാ അപരാധമാകുന്നു. ഒരിക്കല്‍ റസൂല്‍ ൃ അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയല്ല എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ആരാണയാള്‍ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ നബി തിരുമേനി ൃ പ്രതിവചിച്ചു: ആരുടെ ഉപദ്രവത്തില്‍ നിന്ന് തന്റെ അയല്‍വാസി സുരക്ഷിതനല്ലയോ അവന്‍ തന്നെ (ബുഖാരി, മുസ്ലിം). "ഒരാളുടെ ഉപദ്രവത്തെപറ്റി അയല്‍വാസി നിര്‍ഭയനാകുന്നതു വരെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല.'' (അഹ്മദ്). അയല്‍വാസിയുടെ പുരയിടത്തേക്കുളള കാറ്റിനെ തടയുംവിധം സ്വന്തം ചുറ്റുമതില്‍ കെട്ടി ഉയര്‍ത്തരുതെന്ന് വരെ നബി ൃ ഉദ്ബോധിപ്പിച്ചു. ധാരാളം നന്മകള്‍ ചെയ്യുകയും എന്നാല്‍ അയല്‍വാസിയെ ചീത്ത വിളിക്കുകയും ചെയ്ത വിശ്വാസിനി നരകത്തിലാണെന്ന് ഒരു സ്ത്രീയുടെ ഉദാഹരണത്തിലൂടെ നബി ൃ നമ്മെ ഉണര്‍ത്തുകയുണ്ടായി.
അന്യരായ അയല്‍ക്കാരോടു പോലും നല്ല നിലയില്‍ വര്‍ത്തിക്കണമെന്നത് ഖുര്‍ആനിന്റെ അധ്യാപനമാണ് (4:36). ഉയരത്തില്‍ മതില്‍ കെട്ടി തിരിച്ച വില്ലകളും പരസ്പരപരിചയം പോലുമില്ലാത്ത ഫ്ളാറ്റുകളും ഒരു സംസ്കാരമായി മാറിക്കഴിഞ്ഞ ആധുനികലോകത്ത് ഉപര്യുക്ത അധ്യാപനങ്ങള്‍ ഏറെ പ്രസക്തമാണ്. അയല്‍വാസികളോടുള്ള കടപ്പാടുകള്‍ ഇത്ര ശക്തമായി അവതരിപ്പിക്കുന്ന ദര്‍ശനങ്ങള്‍ വേറെയില്ല. അയല്‍വാസികളുടെ മതമേതെന്നത് പരിഗണിക്കാതെയാണ് മുഹമ്മദ് നബി ൃ ഈ ഉപദേശങ്ങളത്രയും നല്‍കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. നബി ൃ അരുളി: നിന്റെ അയല്‍വാസിക്ക് നീ നന്മ ചെയ്യുക. എന്നാല്‍ നീ വിശ്വാസിയായി (തുര്‍മുദി).

No comments:

Post a Comment