Wednesday, January 19, 2011

ഈച്ചയും ദൈവിക ദൃഷ്ടാന്തങ്ങളും


അല്ലാഹുവിൻടെ അറ്റമില്ലാത്ത വിജ്ഞാനത്തെ വെളിവാക്കിക്കൊണ്ട് വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ട അനേകം ജീവികളിൽ ഒന്നാണ്‌ ഈച്ച. സൂറതുൽ ഹജ്ജ് 73-ആം വാക്യത്തിൽ അല്ലാഹു പറയുന്നത് കാണുക:
"മനുഷ്യരേ, ഒരുദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ച് കേൾക്കുക. തീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ച് പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാം ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്നും വല്ലതും തട്ടിയെടുത്താൽ അതിൻടെ പക്കൽ നിന്ന് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ"
അടുത്തിടെ നടത്തിയ ഗവേഷണങ്ങളും അല്ലാഹു മനുഷ്യരാശിക്ക് കനിഞ്ഞു നൽകിയ സാങ്കേതിക ജ്ഞാനവും വഴി മനസ്സിലാക്കിയ ജീവികളുടെ ഒട്ടുവളരെ സ്വഭാവസവിശേഷതകൾ ആരെയും അത്ഭുതപരതന്ത്രരാക്കാൻ പോന്നതാണ്‌. അല്ലാഹുവിൻടെ അപാരജ്ഞാനത്തിന്‌ നിദർശനമായി അവൻ സൃഷ്ടിച്ചിട്ടുള്ള അസംഖ്യം ജീവികളിൽ ഈച്ചയുടെ സൃഷ്ടിപ്പ് മാത്രമെടുത്ത് പഠനവിധേയമാക്കിയാൽ അവനോടുള്ള നമ്മുടെ ഭക്ത്യാദരവുകൾ വർധിക്കുമെന്ന കാര്യത്തിൽ തെല്ലും സംശയത്തിന്നവകാശമില്ല.
image
ശാസ്ത്രജ്ഞർ ഈച്ചകളിലും മറ്റു ചെറുപ്രാണികളിലും നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങൾ പരിശോധിച്ചുനോക്കിയാൽ ഇവയുടെ സൃഷ്ടിപ്പ് ആകസ്മികമല്ലെന്നു മാത്രമല്ല, ഒരു ഈച്ചയിൽ പോലും നാം കണ്ടെത്തുന്ന അതി സങ്കീർണ്ണതയുടെ വിധാതാവും അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് നമുക്ക് ബോധ്യമാവും.
വെട്ടുകിളി, തുമ്പി തുടങ്ങിയ പ്രാണികളുടെ ഓരോ ചലനവും നിയന്ത്രിക്കുന്ന ഞരമ്പുകളുടെ ഉത്തേജനഫലമായി അവയെ പറക്കാൻ സഹായിക്കുന്ന പേശികൾ വളരെ ശക്തിയോടെ സങ്കോചിക്കുന്നു. രണ്ടു അനുപൂരകപേശികളുടെ മാറിമാറിയുള്ള പ്രവർത്തനം അവയുടെ ചിറകുകൾ താഴ്ത്താനും പൊക്കാനും സഹായിക്കുന്നു. വെട്ടുകിളിയുടെ ചിറകുകൾ സെക്കൻടിൽ 12 മുതൽ 15 പ്രാവശ്യം വരെ ചലിക്കുന്നു. മറ്റു പ്രാണികൾ പറക്കുമ്പോൾ അതിവേഗതയിൽ അവയുടെ ചിറകുകൾ വീശുന്നു. തേനീച്ചകൾ, കടന്നലുകൾ എന്നിവ ചിറകുകൾ സെക്കൻടിൽ 100 മുതൽ 400 തവണ വരെ ചലിപ്പിക്കുമ്പോൾ ഒരു മില്ലിമീറ്റർ വലിപ്പത്തിലുള്ള ഒരു തരം ഈച്ചകളും മറ്റു പരാന്ന ജീവികളും സെക്കൻടിൽ 1000 പ്രാവശ്യം ചലിപ്പിക്കുന്നു.
ഒരു ഞരമ്പിന്‌ സെക്കൻടിൽ 200 സംജ്ഞകളേ പുറപ്പെടുവിക്കനാവൂ. അപ്പോൾ ഒരു പ്രാണി സെക്കൻടിൽ 1000 വട്ടം അതിൻടെ ചിറകുകൾ ചലിപ്പിക്കുന്നതെങ്ങനെയാണ്‌? നിരീക്ഷണങ്ങളിൽ നിന്ന് മനസ്സിലാവുന്നത് നാഡികളിൽ നിന്നുള്ള സന്ദേശവും ചിറകുകളുടെ ചലനവും തമ്മിൽ പൊരുത്തമില്ലെന്നാണ്‌.
ഒരു പ്രത്യേക തരം ഈച്ചകൾ ഒരു സെക്കൻടിൽ 200 തവണ അവയുടെ ചിറകുകൾ ചലിപ്പിക്കുന്നു. എന്നാൽ ഇവയുടെ നാഡീവ്യൂഹവ്യവസ്ഥയും പേശീ വിന്യാസവും വെട്ടുകിളികളിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ 10 ചിറകടികൾക്കും കൂടി നാഡികൾ ഒരു സംജ്ഞയേ പുറപ്പെടുവിക്കുന്നുള്ളൂ, കൂടാതെ തന്തുനിബിഡമായ ഇവയുടെ പേശികൾ വെട്ടുകിളികളിൽ നിന്നും വിഭിന്നമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അവയുടെ പറക്കലിന്‌ പേശികളെ സജ്ജമാക്കുന്നു. ഒരിക്കൽ പേശികൾ ഒരു പ്രത്യേക വിതാനത്തിലുള്ള മുറുക്കം കൈവരിച്ചു കഴിഞ്ഞാൽ അവ സ്വയം സങ്കോചിക്കാൻ തുടങ്ങുന്നു. ഒരു പ്രാണിയുടെയും ശരീരത്തിൽ ഒരു വിധത്തിലുള്ള ക്രമരാഹിത്യവും നമുക്ക് കണ്ടെത്താനാവുകയില്ല. അവയുടെ ഞരമ്പുകൾ തെറ്റായ ഒരു സന്ദേശവും നൽകുന്നുമില്ല. തന്മൂലം പേശികൾ കൃത്യമായിവ്യാഖ്യാനിച്ച് മനസ്സിലാക്കി പ്രവർത്തിക്കുന്നു.
image
ഈച്ചകളുടെയും തേനീച്ചകളുടെയും കാര്യത്തിൽ പറഞ്ഞതിന്‌ സഹായിക്കുന്ന പേശികൾ ചിറകുകളും ശരീരവുമായി കൂടിച്ചേരുന്ന സ്ഥലത്തല്ല ഘടിപ്പിച്ചിരിക്കുന്നത്. മറിച്ച് നെഞ്ചുമായി ഒരു വിജാഗരി കണക്കെ ബന്ധിപ്പിച്ചിരിക്കുന്നു. ചിറകിനെ മേലോട്ട് പൊക്കാൻ സഹായിക്കുന്ന പേശികൾ നെഞ്ചിന്‌ താഴെയും മുകളിലുമായി ബന്ധിച്ചിരിക്കുന്നു. ഈ പേശികൾ ഇറുകുമ്പോൾ നെഞ്ചിൻടെ ഉപരിതലവും പരന്നതാവുകയും ചിറകിൻടെ ആരംഭസ്ഥാനം താഴോട്ട് നീളുകയും ചിറകിൻടെ പാർശ്വതലം താങ്ങി നിർത്തുകയും ചിറകുകൾ പൊങ്ങുകയും ചെയ്യുന്നു.
ചിറകുകളെ താഴോട്ട് ചലിപ്പിക്കാൻ സഹായിക്കുന്ന പേശികളെ ചിറകുകളുമായി നേരിട്ട് ബന്ധപ്പെടുത്തിയിട്ടില്ല. നെഞ്ചിൻടെ നെടുനീളത്തിൽ വർത്തിക്കുന്ന ഈ പേശികൾ ചുരുങ്ങുമ്പോൾ നെഞ്ചും വിപരീത ദിശയിൽ ദുർബലമാവുകയും ചിറകുകൾ താഴോട്ട് വരികയും ചെയ്യുന്നു.
റെസിലിൻ എന്നു പേരായ ഒരു പ്രത്യേകതരം പ്രോട്ടീനുപയോഗിച്ചാണ്‌ ചിറകുകൾ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. കൃത്രിമ റബ്ബറിനേക്കാൾ മെച്ചപ്പെട്ട ഒരു പദാർഥമായതുകൊണ്ട് ഇത് പരീക്ഷണശാലയിൽ ഉല്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ശാസ്ത്രജ്ഞർ. യഥേഷ്ടം വളയ്ക്കാനും തിരിക്കാനും കഴിവുള്ളത് കൊണ്ട് അതിന്മേൽ പ്രയോഗിക്കുന്ന ഏത് ബലവും പ്രതിരോധിക്കാനുള്ള ശേഷി അതിനുണ്ട്. പറക്കാൻ സഹായിക്കുന്ന ഈ അസാധാരണ സംവിധാനങ്ങൾക്ക് ഒരു പ്രാണിക്കും സ്വപ്രയത്നത്താൽ ആർജിച്ചെടുക്കാൻ സാധ്യമല്ല. അല്ലാഹുവിൻടെ അപാരശക്തിവിശേഷം ഒന്നുകൊണ്ട് മാത്രമാവുന്നു പ്രാണികളുടെ ശരീരത്തിൽ ഈ റെസിലിൻ നിക്ഷേപം.
ശരിയായ പറക്കലിന്‌ ചിറകുകളുടെ മേലോട്ടും താഴോട്ടുമുള്ള ചലനം മാത്രം മതിയാവുകയില്ല. ഓരോ പ്രാവശ്യവും ചിറകടിക്കുമ്പോൾ ചിറകിൻടെ കോണ്‌ ക്രമപ്പെടുത്തിയാലേ മുകളിലോട്ടും താഴോട്ടും പറക്കാനാവൂ. ചിറകുകൾ വളക്കാനും തിരിക്കാനും സഹായിക്കുന്ന പേശികളുമുണ്ട്.
image
മുകളിലേക്കുയരുമ്പോൾ ചിറകുകളുടെ സന്ധികളിലുള്ള പേശികൾ വലിഞ്ഞുമുറുകി ചിറകിൻടെ കോണ്‌ വലുതാകുന്നു.പറക്കുമ്പോൾ ദീർഘവൃത്താകൃതിയിലുള്ള ഒരു സഞ്ചാരപഥമാണ്‌ കൈക്കൊള്ളുന്നത്. ചിറകിൻടെ ഓരോ പരിവൃത്തിയിലും ചിറക് കോണ്‌ തദാനുസാരിയായി മാറ്റിക്കൊണ്ടിരിക്കുന്നു. പറക്കുമ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്ന വായു പ്രതിരോധമാണ്‌. ഇതിനെ നേരിടാൻ ചിറകുകൾ ആയിരം തവണ വീശുന്നു. അത്യുന്നതിയിൽ ചിറകുകൾ പരസ്പരം ഉരസുകയും ചെയ്യുന്നു.
മിക്ക പ്രാണികളുലും ചക്രവാളം നിദാനമാക്കിയാണ്‌ ദിശ നിർണയിക്കുന്നത്. ചില പ്രാണികൾക്ക് ഒരു ജോടി ചിറകുകളേയുള്ളു. ഈ ചിറകുകളുടെ അറ്റത്ത് ചില മൊട്ടുകളുണ്ട്. പ്രാണികൾ സഞ്ചാരദിശ മാറ്റുമ്പോൾ ഈ മൊട്ടുകൾ സമതുലനം പ്രധാനം ചെയ്യുന്നു. ഭൂമിയിൽ 10 മില്ല്യൻ പ്രാണിവർഗങ്ങളുണ്ട്. ഇവ ഓരോന്നിൻടെയും സ്വഭാവ വിശേഷങ്ങൾ മനസ്സിലാക്കുമ്പോൾ അല്ലാഹുവിൻടെ സൃഷ്ടി വൈഭവത്തെക്കുറിച്ച് ആലോചിച്ച് നാം അത്ഭുതപ്പെടാതിരിക്കില്ല. തീർച്ച!
---
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.

No comments:

Post a Comment