"ഭൂമിയിൽ ജീവൻടെ നിലനില്പിന്നാധാരമായി വർത്തിക്കുന്ന ഘടകങ്ങളിൽ അതിപ്രധാനമായ ഒന്നാണ് മഴ. മനുഷ്യരടക്കം സർവജീവജാലങ്ങൾക്കും ജീവ സന്ധാരണത്തിനും അവശ്യം വേണ്ട മഴയെക്കുറിച്ച് വിശുദ്ധ ഖുർആൻ പല അധ്യായങ്ങളിലും പരാമർശിച്ചിട്ടുണ്ട്.
മഴയെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുർആനിക സൂക്തങ്ങൾ മഴ ഉണ്ടാവുന്നതെങ്ങനെ, അതിൻടെ തോത്, പ്രയോജനം എന്നീ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഖുർആൻ മഴയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ ഖുർആൻ അവതരിച്ച കാലഘട്ടത്തിലെ ജനങ്ങൾക്ക് തികച്ചും അജ്ഞാതമായിരുന്നുവെന്ന സത്യം, വിശുദ്ധ ഖുർആൻ അല്ലാഹുവിൻടെ വാക്യങ്ങളാണെന്നതിന് സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഖുർആൻ മഴയെക്കുറിച്ച് നൽകുന്ന വിവരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
" ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വർഷിച്ചു തരികയും ചെയ്തവൻ, എന്നിട്ട് അതുമൂലം നാം നിർജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടു വരപ്പെടുന്നതാണ്." (43:11)
ഈ സൂക്തത്തിലെ 'തോത്' എന്ന പ്രയോഗം മഴയുടെ രണ്ട് പ്രത്യേകതകളെ വെളിവാക്കിത്തരുന്നു. ഒന്നാമത്തേത്, എല്ലാ കാലവർഷങ്ങളിലും ഭൂമിയിൽ പെയ്തിറങ്ങുന്ന മഴയുടെ അളവ് ഒന്നു തന്നെയാകുന്നു. ഭൂമിയിൽ നിന്ന് ഓരോ സെക്കൻടിലും 16 ദശലക്ഷം ടൺ ജലം നീരാവിയായി അന്തരീക്ഷത്തിലെത്തിച്ചേരുന്നുണ്ട്.ഈ അളവ് ഭൂമിയിൽ ഒരു സെക്കൻടിൽ വർഷിക്കുന്ന മഴക്ക് തുല്യമാണെന്നു മനസ്സിലാക്കുക. ഇതിൽ നിന്നും ഗ്രഹിക്കാൻ കഴിയുന്നത് ഒരു നിശ്ചിത അളവ് ജലം ഒരു സമതുലിത പരിവർത്തിയായി ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ ചുറ്റിക്കറങ്ങുന്നുവെന്നാണ്.
രണ്ടാമത്തെ പ്രത്യേകത അത് ഭൂമിയിൽ പതിക്കുന്ന വേഗതയാണ്. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്നത് ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞത് 1200 മീറ്റർ ഉയരത്തിലാണ്. ഇത്ര ഉയരത്തിൽ നിന്ന് സാധാരണ ഗതിയിൽ മഴത്തുള്ളിയുടെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തു അതീവ പ്രവേഗം കൈവരിച്ച് മണിക്കൂറിൽ 558 കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ പതിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.ഈ വേഗതയിൽ ഭൂമിയിൽ വന്നിടിക്കുന്ന ഒരു വസ്തു തീർച്ചയായും കനത്ത നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കും. മേൽ പറഞ്ഞ വേഗതയിൽ മഴത്തുള്ളികൾ ഭൂമിയിൽ പതിക്കാനെങ്ങാനും ഇട വന്നാൽ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളും വീടുകളും നശിക്കുമെന്ന് മാത്രമല്ല, മഴയത്ത് ആളുകൾക്ക് ഒന്നു പുറത്തിറങ്ങി നടക്കണമെങ്കിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടിയും വരും. ഇത് 1200 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന മഴയുടെ കാര്യം. 10,000 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മേഘങ്ങളിൽ നിന്നും ആപതിക്കുന്ന മഴത്തുള്ളികളുടെ വേഗത ഒന്നു സങ്കല്പിച്ചു നോക്കുക. അത് വിവരണാതീതമാം വണ്ണം ഭൂമിയിൽ വിനാശം വിതയ്ക്കും.
എന്നാൽ കാര്യത്തിൻടെ പൊരുൾ അങ്ങനെയല്ല. എത്ര ഉയരത്തിൽ നിന്നായാലും ഭൂമിയിൽ പതിക്കുന്ന മഴത്തുള്ളികളുടെ വേഗത മണിക്കൂറിൽ 8 മുതൽ 10 കിലോമീറ്റർ വരെയാണ്. ഇതിന്നു കാരണം മഴത്തുള്ളികൾ കൈവരിക്കുന്ന അവയുടെ പ്രത്യേക രൂപമാണ്. ഈ പ്രത്യേക രൂപത്തിലുള്ള മഴത്തുള്ളികൾ കടന്നുപോവുന്ന അന്തരീക്ഷത്തിൽ ഘർഷണം കൂട്ടുകയും അതിവേഗത കൈവരിക്കുന്നതിൽ നിന്നും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക ജ്ഞാനം അവലംഭമാക്കിയാണ് പാരച്യൂട്ടുകളുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്.
മഴയുടെ 'തോതി'നെക്കുറിച്ച് ഇനിയും ഏറെ പറയാനുണ്ട്. മഴ കടന്നുവരുന്ന അന്തരീക്ഷപാളികളുടെ താപം പൂജ്യത്തിന്നു താഴെ 400 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ ഇടയുണ്ട്. എന്നാൽ മഴത്തുള്ളികൾ ഹിമകണങ്ങളായി മാറുന്നില്ല എന്നതാണ് അത്ഭുതം. ഇങ്ങനെ എങ്ങാനും ആയിയിരുന്നുവെങ്കിൽ ഭൂമിയിൽ ജീവജാലങ്ങൾക്ക് കനത്ത പ്രഹരമേൽക്കുമെന്നുറപ്പാണ്. ജലം ശുദ്ധമാണെന്നതാണിതിന്നു കാരണം. ശുദ്ധജലം താഴ്ന്ന ഊഷ്മാവിൽ ഒരിക്കലും ഉറച്ചു കട്ടിയാവുകയില്ലെന്നത് സാമാന്യ വിജ്ഞാനം.
മഴ എങ്ങനെ ഉണ്ടാവുന്നു എന്ന കാര്യം ഒരുപാട് കാലം മനുഷ്യർക്ക് തികച്ചും അജ്ഞാതമായിരുന്നു. കാലാവസ്ത്ഥാ റഡാറുകളുടെ കണ്ടുപിടുത്തത്തോടെയാണ് മഴ രൂപം കൊള്ളുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് ആളുകൾക്ക് മനസ്സിലായത്.
മഴക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. ഒന്ന്: മഴയ്ക്കാവശ്യമായ 'അസംസ്കൃത പദാർഥങ്ങൾ (നീരാവിയും മറ്റും) അന്തരീക്ഷത്തിലേക്കുയരുന്നു. രണ്ട്: മേഘങ്ങൾ രൂപം കൊള്ളുന്നു. മൂന്ന്: മഴയായി പെയ്തിറങ്ങുന്നു. ഈ മൂന്നു ഘട്ടങ്ങളെക്കുറിച്ചുമ്മ് വിശുദ്ധ ഖുർആൻ ആധികാരികമായ വിവരങ്ങൾ നൽക്കുന്നു.
സൂറത്തുർറൂം സൂക്തം 48 നോക്കുക: "അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവൻ. എന്നിട്ട് അവ (കാറ്റുകൾ) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവൻ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവൻ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്ടെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആ മഴ എത്തിച്ചുകൊടുത്താൽ അവരതാ സന്തുഷ്ടരാകുന്നു."
മൂന്നു ഘട്ടങ്ങളെ നമുക്ക് ഖുർആനിക വീക്ഷണത്തിലൂടെ പരിശോധനാവിധേയമാക്കാം;
ഒന്നാം ഘട്ടം: "അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവൻ". സമുദ്രോപരിതലത്തിൽ നുരയുന്ന അസംഖ്യം കുമിളകൾ പൊട്ടി ജലകണങ്ങൾ അന്തരീക്ഷത്തിലേക്കുയരുന്നു. ഈ ലവണ സമൃദ്ധമായ ജലകണികകളേ കാറ്റ് ഉപരിതലത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ജലകണികകൾ മേഘമായിത്തീരുന്നു.
രണ്ടാം ഘട്ടം: "അങ്ങനെ ആ കാറ്റുകൾ... പല കഷ്ണങ്ങളാകുന്നു." ലവണ പരലുകൾക്ക് ചുറ്റും വായുവിലെ പൊടിപടലങ്ങൾക്കു ചുറ്റും 0.01 മുതൽ 0.02 മില്ലിമീറ്റർവ്യാസമുള്ള ജലത്തുള്ളികൾ ഘനീഭവിക്കുകയും വായുവിൽ തള്ളി നിൽക്കുകയും അവ ആകാശത്തിൽ പരക്കുകയും ചെയ്യുന്നു. അങ്ങനെ ആകാശം മേഘാവൃതമാവുന്നു.
മൂന്നാം ഘട്ടം: "അപ്പോൾ അതിന്നിടയിൽ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം." ലവണ ശാലകൾക്ക്, പൊടിപടലങ്ങൾക്ക് ചുറ്റുമുള്ള വെള്ളത്തുള്ളികൾ കട്ടികൂടി മഴയായി പതിക്കുന്നു.
മഴയുടെ ഓരോ ഘട്ടത്തെയും കുറിച്ച് വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ സവിസ്തരം പ്രതിപാദിക്കുന്നു. എന്നു തന്നെയല്ല, അവ ക്രമത്തിൽ തന്നെ വിവരിക്കുകയും ചെയ്തിരിക്കുന്നു. പ്രകൃതിയിലെ മറ്റു പ്രതിഭാസങ്ങളെപ്പോലെ മഴയെക്കുറിച്ചും കൃത്യമായ വിവരണം നൽകുകയും ചെയ്യുന്നു. ശാസ്ത്രം ഇവ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ.
മഴയുടെ പ്രത്യേക ധർമമായ 'മൃതപ്രായമായ ഭൂമിക്ക് ജീവൻ നൽകുന്നു' എന്ന കാര്യം ഒട്ടുവളരെ സൂക്തങ്ങളിൽ പരാമർശിച്ചിരിക്കുന്നു.
" എൻടെ കാരുണ്യത്തിൻടെ മുൻപിൽ സന്തോഷ സൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിർജീവമായ നാടിന് അതുമുഖേന നാം ജീവൻ നൽകാനും നാം സൃഷ്ടിച്ചിട്ടുള്ളാ ധാരാളം കന്നുകാലികൾക്കും മനുഷ്യർക്കും അത് കുടിപ്പിക്കാനും വേണ്ടി."
(ഖുർആൻ 15:48, 49)
മഴ ഭൂമിക്ക് ജലം പ്രധാനം ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ഭൂമിയെ ഫലഭൂയിഷ്ടമാക്കുകയും ചെയ്യുന്നുണ്ട്. സമുദ്രങ്ങളിൽ നിന്ന് നീരാവിയായി പൊന്തി മേഘമായിത്തീരുന്ന ജലകണികകളിൽ ചില ധാതുലവണങ്ങൾ കൂടി അടങ്ങിയിരിക്കുന്നു. ജീവൻ പ്രദാനം ചെയ്യുന്ന ഈ തുള്ളികളെ 'ഉപരിതലസമ്മർദ കണികകൾ' എന്നു പറയുന്നു. സമുദ്രത്തിൻടെ ഏറ്റവും ഉപരിതലത്തിലാണ് ഇവ രൂപം കൊള്ളുന്നത്. ഈ ഉപരിതലത്തിന്ന് 'സൂക്ഷ്മ പാളി' എന്നു പേരിട്ടിരിക്കുന്നു. ഒരു മില്ലി മീറ്ററിൻടെ പത്തിലോന്നു കനമുള്ള ഈ പാളിയിൽ സമുദ്രത്തിൽ ഒഴുകി നടക്കുന്ന ചേതനയറ്റ ജീവികളും പായലുകളും മറ്റു ജൈവപദാർഥങ്ങളുമുണ്ട്. ഇവ സമുദ്രജലത്തിന്ന് അന്യമായ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, സിങ്ക്, കോബാൾട്ട്, ഈയം തുടങ്ങിയ മൂലകങ്ങൾ സ്വയം സ്വീകരിക്കുകയും ചെയ്യുന്നു. മണ്ണിൽ വളക്കൂറിന്ന് കാരണമാക്കുന്ന ഊ മൂലകങ്ങളടങ്ങിയ ജല കണികകൾ ആകാശത്തേക്കുയർന്ന് മഴയായി വർഷിക്കുകയും ചെയ്യുന്നു. സസ്യങ്ങൾ അവയുടെ വളർച്ചയ്ക്കാവശ്യമായ ലവണങ്ങളും മൂലകങ്ങളും മറ്റു പദാർഥങ്ങളും മഴ വെള്ളത്തിൽ നിന്നും വലിച്ചെടുക്കുന്നു.
ഖുർആനിലെ മറ്റൊരു സൂക്തം കൂടി കാണുക: "മാനത്ത് നിന്ന് നാം അനുഗ്രഹീതമായ മഴ വീഴ്ത്തി. അങ്ങനെ അതു വഴി വിവിധയിനം തോടുകളും കൊയ്തെടുക്കാൻ പറ്റുന്ന ധാന്യങ്ങളും ഉല്പാദിപ്പിച്ചു." (സൂറത്തുഖാഫ് 9)
മണ്ണിൻടെ വളക്കൂറ് വർധിപ്പിക്കുന്ന കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ മഴയിൽ അടങ്ങിയിരിക്കുന്നു. നൂറു കൊല്ലത്തോളം വൃഷ്ടി പ്രദേശത്തെ ഊഷരഭൂമിയെ ഫലഭൂയിഷ്ടമായി നിലനിർത്താൻ ഒരാണ്ടിലെ മഴയിലൂടെ ലഭിക്കുന്ന വളത്തിൻ കഴിയുമെന്നാണ് കണക്ക്. 150 മില്ല്യൺ ടൺ വളം ഓരോ വർഷവും മഴ ഭൂമിയിൽ നിക്ഷേപിക്കുന്നുണ്ട്. പ്രകൃത്യായുള്ള ഈ വളപ്രയോഗമില്ലെങ്കിൽ ഭൂമിയിൽ സസ്യജാലങ്ങൾ കുറയുമെന്നു മാത്രമല്ല പ്രകൃതിയുടെ സന്തുലിതത്വം വിനഷ്ടമാവുകയും ചെയ്യും.
ആധുനിക ശാസ്ത്രം അടുത്തിടെ കണ്ടെത്തിയ ഈ യാഥാർഥ്യങ്ങൾ വിശുദ്ധ ഖുർആൻ നൂറ്റാണ്ടുകൾക്കപ്പുറം ലോകത്തോടുദ്ഘോഷിച്ചിരുന്നു.
-----
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
No comments:
Post a Comment