വിശുദ്ധ ഖുർആനിൽ പ്രത്യേകം പരാമർശിക്കപ്പെട്ട ലോഹപദാർഥങ്ങളിൽ ഒന്നാണ് ഇരുമ്പ്. 'അൽഹദീദ്' (ഇരുമ്പ്) അധ്യായം 25-ആം വാക്യത്തിൽ പ്രസ്താവിക്കുന്നത് കാണുക:
"തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവം നിലകൊള്ളാൻ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കിക്കൊടുക്കയും ചെയ്തു. ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്. അല്ലാഹുവിനെയും അവൻടെ ദൂതന്മാരെയും അദൃശ്യമായ നിലയിൽ സഹായിക്കുന്നവരെ അവന് അറിയാൻ വേണ്ടിയുമാണ് ഇതെല്ലാം. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാണ്."
മേൽ സൂക്തത്തിലെ 'അൻസൽനാ' എന്ന വാക്കിൻടെ അർഥം 'നാം ഇറക്കിക്കൊടുത്തു' വെന്നാണ്. ജനങ്ങളുടെ ഗുണത്തിനുവേണ്ടി ഇരുമ്പ് ഇറക്കിക്കൊടുത്തു എന്ന ഖുർആനിക പ്രയോഗം ആലങ്കാരികം മാത്രമാണെന്നു പലരും കരുതിവന്നു. പ്രയോഗത്തിൻടെ ഭാഷാർഥം പരിഗണിച്ചാൽ "ആകാശത്തു നിന്ന് താഴെ ഭൂമിയിലേക്ക് മഴ, സൂര്യപ്രകാശം എന്നിവപോലെ ഇറക്കിക്കൊടുത്തു" എന്ന നിഗമനത്തിലാണ് നാമെത്തിച്ചേരുക. ഈ പ്രയോഗത്തിൽ ഒരു ശാസ്ത്രീയ മഹാസത്യം ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം പലർക്കുമറിഞ്ഞുകൂടാ. ആധുനിക ജ്യോതിശാസ്ത്രത്തിൻടെ കണ്ടെത്തലനുസരിച്ച് ഭൂമിയിൽ കാണപ്പെടുന്ന ഇരുമ്പ് നിക്ഷേപം ബഹിരാകാശത്തെ ഭീമാകാരങ്ങളായ നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിലെത്തിച്ചേർന്നതാണ്.
ഭൂമിയിൽ മാത്രമല്ല, നമ്മുടെ സൗരയൂഥമാസകലം നിറഞ്ഞുനിൽക്കുന്ന ഇരുമ്പുനിക്ഷേപം ബാഹ്യാകാശത്തു നിന്ന് വന്നതാണ്. ഒരു നക്ഷത്രമായ സൂര്യനിലെ താപ ഇരുമ്പിൻടെ രൂപപ്പെടുത്തലിന് മതിയായതല്ല. സൂര്യൻടെ ഉപരിതരത്തിലെ ചൂട് 6000 ഡിഗ്രിയും ആന്തരികതാപം 20 മില്ല്യൺ ഡിഗ്രിയുമാണെന്നു കണക്കാക്കിയിരിക്കുന്നു. സൂര്യനെക്കാൾ പതിന്മടങ്ങു വലിപ്പമുള്ള നക്ഷത്രങ്ങളിലേ ഇരുമ്പിൻടെ ഉത്പാദനം നടക്കുന്നുള്ളൂ. ഏകദേശം നൂറുമില്ല്യൺ താപമുണ്ട് നക്ഷത്രങ്ങളിൽ. നക്ഷത്രങ്ങളിൽ ഇരുമ്പിൻടെ അംശം ഒരു തലത്തിലെത്തിച്ചേരുമ്പോൾ നക്ഷത്രത്തിന് അതുൾക്കൊള്ളാനാവാതെ പൊട്ടിത്തെറിക്കുന്നു. ഈ നക്ഷത്രത്തെ 'നോവ' എന്നു വിളിക്കുന്നു. ആകാശത്ത് പൊടുന്നനെ വെട്ടിത്തിളങ്ങുന്നതും ക്രമേണ മങ്ങുന്നതും പ്രകാശം കുറഞ്ഞുകുറഞ്ഞ് പഴയ പ്രകാശത്തിലെത്തുന്നതുമാണ് നോവ. പെട്ടെന്ന് ജ്വലിച്ച് പൊട്ടിത്തെറിക്കുന്ന നക്ഷത്രം. ഈ സ്ഫോടനഫലമായി ഇരുമ്പ് ശൂന്യാകാശത്തേക്ക് പുറന്തള്ളപ്പെടുന്നു.
വളരെ വളരെ മുൻപ് സംഭവിച്ച ഒരു സൂപ്പർ നോവാ പ്രതിഭാസത്തെക്കുറിച്ച് ശാസ്ത്രം നമുക്ക് വിവരം തരുന്നുണ്ട്. അഗാധ സമുദ്രത്തിൻടെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണ്ണിൽ കണ്ടുവരുന്ന ഒരു തരം ഇരുമ്പ്. സൂര്യനിൽ നിന്നും 90 പ്രകാശ വർഷം ദൂരെ സ്ഥിതിചെയ്തിരുന്ന ഒരു നക്ഷത്രം 5 മില്ല്യൻ നൂറ്റാണ്ടുകൾക്കപ്പുറം പൊട്ടിത്തെറിച്ചതിൻടെ ഫലമായുണ്ടായതാണെന്നു കരുതപ്പെടുന്നു. ശൂന്യാകാശത്തുവെച്ച് മൂലകങ്ങളുടെ ഒരണുകേന്ദ്രം സംശ്ലേഷണം സംഭവിക്കുകയും പിന്നീട് ഭൂമിയിലേക്ക് ധൂളികളായി പെയ്തിറങ്ങുകയും ചെയ്തുവെന്നാണ് ഈ നിക്ഷേപം വെളിവാക്കുന്നത്.
ഇരുമ്പ് ഭൂമിയിൽ പിറവിയെടുത്തതല്ല. മറിച്ച് സുപ്പർനോവകളിൽ നിന്ന് ഭൂമിയിലെത്തിച്ചേർന്നതാണെന്ന് സ്പഷ്ടം. സൂക്തത്തിൽ പരാമർശിക്കുമ്പടി 'നാമതിനെ ഇറക്കിക്കൊടുത്തു' വെന്നു തന്നെ. ഖുർആൻ അവതരിക്കുന്നതുവരെ ലോകത്തിന്നിക്കാര്യം തികച്ചും അജ്ഞാതമായിരുന്നു. എല്ലാറ്റിനെയും ചുഴ്ന്നുനിൽക്കുന്ന അനന്തവിജ്ഞാനത്തിനുടമയായ അല്ലാഹുവിൻടെ ഗ്രന്ഥത്തിൽ ഈ കാര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു.
ജ്യോതിശാസ്ത്രം വ്യക്തമാക്കുന്നത്, മറ്റു മൂലകങ്ങളും ഭൂമിക്ക് വെളിയിൽ വെച്ചാണ് രൂപംകൊണ്ടതെന്നാണ്. സൂക്തത്തിലെ 'കൂടി' എന്ന പ്രയോഗം ഈ ആശയത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇരുമ്പിനെ സംബന്ധിച്ച ഖുർആനിക പരാമർശം ആരെയും അമ്പരിപ്പിക്കാൻ പോന്നതാണ്. ഈ കാര്യങ്ങളൊക്കെ ശാസ്ത്രം കണ്ടെത്തുന്നത് 20-ആം ശതകത്തിൻടെ അന്ത്യത്തോടടുത്താണ്.
മറ്റു ലോഹങ്ങളെക്കാളെല്ലാം മനുഷ്യന് ഏറ്റവും ഉപകാരപ്രദം ഇരുമ്പ് തന്നെ എന്ന കാര്യത്തിൽ സംശയത്തിനവകാശമില്ല. നക്ഷത്രങ്ങളിൽ ഇരുമ്പ് ഒന്നിച്ചുകൂടുകയും ഒരു വിസ്ഫോടനമുണ്ടായി പ്രപഞ്ചം മുഴുവൻ അത് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. പ്രപഞ്ചാരംഭത്തിൽ ഭൂമി ഈ ഇരുമ്പുപരമാണുക്കളെ ഗുരുത്വാകർഷണം വഴി തന്നിലേക്ക് വലിച്ചെടുപ്പിക്കുകയും ഇതുമൂലമുണ്ടായ താപം ഒരു രാസവേർതിരിവിന് കാരണമാവുകയും ആദ്യം അന്തരീക്ഷവും അതിൽ പിന്നീട് ഭൂമണ്ഡലത്തെ വലയംചെയ്യുന്ന ജലവിഭാഗവുമുണ്ടായിത്തീർന്നു.
ഭൂകേന്ദ്രത്തിലുള്ള ഉരുകിയ ഇരുമ്പ് ഒരു 'ഡൈനാമോ' എന്ന വണ്ണം പ്രവർത്തിച്ച് ഭൂമിയിലെ കാന്തമണ്ഡലത്തിന് രൂപംകൊടുക്കുകയും അത് ഒരു വലയം പോലെ വർത്തിച്ച് ആപൽക്കാരികളായ പ്രസരണങ്ങളെ തടുക്കുകയും ഓസോൺപടലയെ സുരക്ഷിതമായി നിലനിർത്തുകയും ചെയ്തു.
ഇരുമ്പ് പരമാണുക്കൾ ഇല്ലായിരുന്നുവെങ്കിൽ ജീവകോശ സൃഷ്ടിപ്പിൽ പങ്കുവഹിക്കേണ്ട കാർബൺ പ്രപഞ്ചത്തിലുണ്ടാവുമായിരുന്നുല്ല. സൂപ്പർ നോവകളിലും ഭൂമി ചൂടുപിടിക്കുകയില്ല. അന്തരീക്ഷമില്ല. കാന്തിക സുരക്ഷാവലയവുമുണ്ടാവുമായിരുന്നില്ല. ഓസോൺ പടലം നിലനിൽക്കുമായിരുന്നില്ല. ഓക്സിജനും പ്രതിപ്രവർത്തിക്കാനാവില്ല. രക്തത്തിലെ ഹീമോഗ്ലോബിനുണ്ടാവുമായിരുന്നില്ല. പ്രപഞ്ചത്തിൽ രാസപ്രവർത്തനമുണ്ടാവില്ല. അങ്ങനെ അങ്ങനെ പലതും.
ഇരുമ്പിൻടെ പ്രാധാന്യം വ്യക്തമാക്കുന്ന, പലർക്കുമറിഞ്ഞുകൂടാത്ത മറ്റൊരു രഹസ്യം കൂടി പ്രസ്തുത ആയത്തിൽ ഒളിഞ്ഞുകിടപ്പുണ്ട്. സൂറതുൽഹദീദ് 25ആം സൂക്തം, അതിൽ ഗണിതശാസ്ത്രമുണ്ട്!
അൽഹദീദ് ഖുർആനിലെ 57ആം അധ്യായമാകുന്നു. 'അബ്ജദ്' സൂത്രമനുസരിച്ച് അക്ഷരങ്ങളുടെ സംഖ്യാഫലം 57. 'ഹദീദ്' എന്ന പദത്തിൻടെ 'അബ്ജദ്' സംഖ്യ 26. ഇരുമ്പിൻടെ ആറ്റോമിക് സംഖ്യ 26 തന്നെ. അത്ഭുതം തോന്നുന്നു, അല്ലേ? സംശയം വേണ്ട വിശുദ്ധ ഖുർആൻ ദിവ്യഗ്രന്ഥം തന്നെ!
ഇരുമ്പ് ഓക്സൈഡിൻടെ അതിസൂക്ഷ്മ ധൂളികൾ അർബുധചികിത്സാരംഗത്ത് ഈ അടുത്ത കാലത്ത് ഉപയോഗപ്പെടുത്തുകയുണ്ടായി. ഫലം ആശാവഹമായിരുന്നു.
ചികിത്സാരീതി ഇങ്ങനെ:
1. പ്രത്യേകതരം സിറിഞ്ചുപയോഗിച്ച് ഇരുമ്പ് ഓക്സൈഡ് ധൂളികൾകൊണ്ട് തയ്യാറാക്കിയ ദ്രവം ട്യൂമറിൽ കുത്തിവെക്കുന്നു. ആയിരക്കണക്കിൽ മില്ല്യൻ ധൂളികൾ ഒരു ഘനസെൻടിമീറ്റർ ദ്രവത്തിലുണ്ടായിരിക്കും. ഒരു ധൂളിക്ക് രക്തത്തിലെ ശ്വേതാണുക്കളുടെ ആയിരത്തിലൊരംശം വലിപ്പമേ കാണൂ.
2. പിന്നീട് രോഗിയെ കാന്തമണ്ഡലത്താൽ വലയചെയ്യപ്പെട്ട ഒരു യന്ത്രത്തിൽ കിടത്തുന്നു.
3. ട്യൂമറിൽ ചലനാവസ്ഥയിൽ ധൂളികളെ ഈ കാന്തമ്മണ്ഡലം നിശ്ചലമാക്കുന്നു. അതേസമയം ട്യൂമറിനകത്തെ ചൂട് 45 ഡിഗ്രി ആയിത്തീർന്നു.
4. ഈ ചൂട് അതിജീവിക്കാനാവാതെ ചുരുങ്ങിയ നിമിഷങ്ങൾക്കകം അർബുധകോശങ്ങൾ നിർജീവമാകുകയോ നിർവീര്യമാവുകയോ ചെയ്യുന്നു. പിന്നീട് കീമോതെറാപ്പി വഴി ട്യൂമറിനെ പൂർണമായും ഉന്മൂലനം ചെയ്യാനാവും.
ഈ ചികിത്സാരീതിയിൽ കാന്തമണ്ഡലം ഇരുമ്പ് ഓക്സൈഡ് ധൂളീദ്രവത്തെ മാത്രമേ ബാധിക്കുകയുള്ളൂ. മാരകമായ അർബുധരോഗ ചികിത്സാ രംഗത്ത് ആശാവഹമായ ഒരു കാൽവെപ്പാണിത്. "അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്" എന്ന സൂക്തഭാഗം ഈ ചികിത്സാരീതിയെ സൂചിപ്പിക്കുന്നതാവാം. ആരോഗ്യരംഗത്ത് ഇരുമ്പ് വഹിക്കുന്ന പങ്ക് അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു, മേൽസൂക്തം. (നന്നായറിയുന്നവൻ അല്ലാഹു മാത്രമാകുന്നു)
--
ഹാറൂൺ യഹ്യയുടെ ' ദൈവസ്തിക്യത്തിൻടെ അടയാളങ്ങൾ' എന്ന ലേഖനസമാഹാരത്തിൽ നിന്നുള്ള ലേഖനം.
No comments:
Post a Comment