Wednesday, January 19, 2011

മത്സ്യാഹാരം അല്ലാഹുവിൻടെ ദാനം


image
" നിങ്ങൾക്കും യാത്രാ സംഘങ്ങൾക്കും ജീവിതവിഭവമായിത്തീരാൻ കടലിലെ വേട്ട ജന്തുക്കൾക്കും സമുദ്രാഹാരവും നിങ്ങൾക്കനുവദിക്ക്പ്പെട്ടിരിക്കുന്നു. നിങ്ങൾ ഇഹ്റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ട ജന്തുക്കൾ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങൾ ഒരുമിച്ച് കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക." (വി:ഖുർആൻ, 5:96)
ഹൃദയാഘാതം വന്ന് മരണമടയുന്ന ആളുകളുടെ ശരാശരി വയസ്സ് (ആയുർദൈർഘ്യം) കുറഞ്ഞുവരികയാണെന്ന യാഥാർഥ്യം ഹൃദയാരോഗ്യ സംരക്ഷണത്തിൻടെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തുന്നു. ആധുനിക ഹൃദ്രോഗ ചികിത്സാരംഗം വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണമെന്ന് വിദഗ്ധർ നമ്മെ ഉപദേശിക്കുന്നു. അവർ മറ്റൊരു കാര്യം കൂടി നമ്മെ ഉണർത്തുന്നുണ്ട്: 'ഹൃദയാരോഗ്യത്തിന്ന് മത്സ്യാഹാരം പതിവാക്കുക' എന്ന്
മത്സ്യാഹാരത്തിലടങ്ങിയിരിക്കുന്ന 'ഒമേഗ-മൂന്ന്' എന്ന കൊഴുത്ത അമ്ലം മത്സ്യം സ്ഥിരമായി കഴിക്കുന്നവർക്ക് ഹൃദ്രോഗം വരാതെ സൂക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഈ രംഗത്ത് നടത്തിയ ഗവേഷണ ഫലങ്ങൾ വെളിപ്പെടുത്തുന്നു. മത്സ്യത്തിൻടെ ഈ ആരോഗ്യ സംരക്ഷണഗുണം ഈ അടുത്തകാലത്താണ്‌ ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിയത്. എന്നാൽ വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക:
" നിങ്ങൾക്ക് പുതുമാസം എടുത്തുതിന്നാനും നിങ്ങൾക്കണിയാനുള്ള ആഭരണങ്ങൾ പുറത്തെടുക്കാനും പാകത്തിൽ കടലിനെ വിധേയമാക്കിയവനും അവൻ തന്നെ. കപ്പലുകൾ അതിലൂടെ വെള്ളം പിളർന്നുമാറ്റിക്കൊണ്ട് ഓടുന്നതും നിങ്ങൾക്ക് കാണാം. അവൻടെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ തേടുവാനും നിങ്ങൾ നന്ദി കാണിക്കാനും വേണ്ടിയാണ്‌( അവനത് നിങ്ങൾക്ക് വിധേയമാക്കിതന്നത്)" (16:14)
 
സൂറത്തുൽ കഹ്ഫിൽ മത്സ്യത്തെക്കുറിച്ച് പ്രത്യേക പരാമർശമുണ്ട്.
മൂസാ(അ) അദ്ദേഹത്തിൻടെ ഭൃത്യനോടൊപ്പം ഒരു യാത്ര പുറപ്പെട്ടപ്പോൾ ഭക്ഷണമായി അവർ കൂടെക്കരുതിയത് മത്സ്യമായിരുന്നു.
"മൂസാ, തൻടെ ഭൃത്യനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം(ശ്രദ്ധേയമാകുന്നു): ഞാൻ രണ്ടു കടലുകൾ: കൂടിച്ചേരുന്നിടത്ത് എത്തുകയോ അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്നുകഴിയുകയോ ചെയ്യുന്നതുവരെ ഞാൻ (ഈ യാത്ര) തുടർന്നുകൊണ്ടേയിരിക്കും. അങ്ങനെ അവർ അവ(കടലുകൾ) കൂടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്സ്യങ്ങളുടെ കാര്യം മറന്നുപോയി. അങ്ങനെ അത് കടലിൽ( ചാടി). അത് പോയ മാർഗം ഒരു തുരങ്കം (പോലെ) ആക്കിത്തീർത്തു. അങ്ങനെ അവർ ആ സ്ഥലം  വിട്ട് മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ മൂസാ തൻടെ ഭൃത്യനോടു പറഞ്ഞു: നീ നമുക്ക് ഭക്ഷണം കൊണ്ടുവാ, നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക് ക്ഷീണം നേരിട്ടിരിക്കുന്നു. അവൻ പറഞ്ഞു: താങ്കൾ കണ്ടുവോ? നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ ഞാൻ ആ മത്സ്യത്തെ മറന്നു പോവുക തന്നെ ചെയ്തു. അത് (പറയാൻ) എന്ന മറപ്പിച്ചത് പിശാചല്ലാതെ മറ്റാരുമല്ല. അത് കടലിലൂടെ സഞ്ചരിച്ച വഴി ഒരത്ഭുതമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.( ഖുർആൻ 18:60-63)
മൂസാ(അ) നീണ്ട ക്ഷീണിപ്പിക്കുന്ന ഒരു യാത്രയിൽ ഭക്ഷണമായി കരുതിയത് മത്സ്യമായിരുന്നുവെന്ന് മേൽ സൂക്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ ചരിത്രകഥയിൽ മത്സ്യത്തിൻടെ പോഷകമൂല്യങ്ങളെക്കുറിച്ച് സൂചനയുണ്ട്. (നന്നായറിയുന്നവൻ അല്ലാഹുവാകുന്നു)

മത്സ്യത്തിൻടെ പോഷക ഗുണങ്ങൾ പരിശോധിച്ചാൽ ശ്രദ്ധേയമായ ചില വസ്തുതകൾ നാം കണ്ടെത്തുന്നു. നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു അവൻടെ സൃഷ്ടികൾക്ക് കനിഞ്ഞു നൽകിയ സമൃദ്ധമായ മത്സ്യസമ്പത്ത് ഉത്തമമായ ഒരാഹാരമാകുന്നു. അതിൽ പ്രോട്ടീൻ, വൈറ്റമിൻ-ഡി, അപൂർവ മൂലകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ്, ഗന്ധകം, വനേഡിയം എന്നീ ധാതുക്കൾ നമ്മുടെ ശരീര വളർച്ച ത്വരിതപ്പെടുത്തുന്നു. കോശകലകളെ രോഗപ്രതിരോധ സജ്ജമാക്കുന്നു. പല്ലുകൾക്കും മോണകൾക്കും ഉറപ്പു നൽകുന്നു. ശരീരത്തിൻടെ കാന്തി വർധിപ്പിക്കുന്നു. ഉറപ്പുള്ള നല്ല സമൃദ്ധമായ തലമുടി തഴച്ചുവളരാൻ സഹായിക്കുന്നു. അന്നജം, കൊഴുപ്പ് എന്നിവയെ തകർത്ത് രക്തത്തിലെ കൊളസ്ട്രോളിൻടെ അളവ് കുറച്ച് ശരീരത്തെ ബലവത്തും ഊർജസ്വലവുമാക്കുന്നു.വൈറ്റമിൻ -ഡി. യും മറ്റു ധാതുപദാർത്ഥങ്ങളും ആവശ്യമായ അളവിൽ നാം കഴിക്കുന്ന ഭക്ഷണത്തിലില്ലെങ്കിൽ എല്ലുകൾക്ക് ബലഹീനത, മോണരോഗങ്ങൾ, മുണ്ടിവീക്കം എന്നീ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.       
image                              
മത്സ്യ എണ്ണയിൽ കൊഴുപ്പുള്ള രണ്ടുതരം അമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. ഈ അമ്ലങ്ങളിലടങ്ങിയ ഒമേഗ-മൂന്ന്, ഒമേഗ ആറ് എന്നീ ഘടകങ്ങൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നില്ല. അവ പുറമെ നിന്നു തന്നെ ശരീരത്തിന്‌ ലഭിച്ചിരിക്കണം. സസ്യ എണ്ണയിൽ ഒമേഗ- മൂന്ന് അടങ്ങിയിട്ടുണ്ടെങ്കിലും മത്സ്യത്തിലുള്ളത്ര ഫലദായകമല്ല. സമുദ്രത്തിൽ ഒഴുകി നടക്കുന്ന ജീവജാലങ്ങളെ മത്സ്യം ഭക്ഷിക്കുന്നത് വഴി മത്സ്യത്തിൽ ഈ അമ്ലസമ്പത്ത് കൂടുതൽ ധന്യമാവുന്നു.

ഈ അമ്ലങ്ങൾ ശരീരത്തിലെ ഊർജോത്പാദനത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ അമ്ലങ്ങളിലെ ഇലക്ട്രോൺ വിഘറിച്ച് ശരീരത്തിലെ ഓക്സിജനുമായി കൂടിച്ചേർന്ന് ശരീരത്തിൽ നടക്കുന്ന വിവിധ രാസപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജോല്‌പാദനം സാധിക്കുന്നു. മീനെണ്ണ സമൃദ്ധമായ ഒരാഹാരക്രമമാണ്‌. ശരീരത്തിൻടെ തളർച്ച മാറ്റി ഉന്മേഷം നൽകുന്നു. ഒമേഗ-മൂന്ന് ഏകാഗ്രത വർധിപ്പിക്കുന്നു. 'മത്സ്യം തലച്ചോറിനുത്തമം' എന്ന നാടൻ പഴമൊഴിക്ക് ശാസ്ത്രീയമായ പരിവേഷമുണ്ട്.

രക്തസമ്മർദവും കൊളസ്ട്രോളും കുറച്ച് ഒമേഗ-മൂന്ന് രക്തധമനികൾക്കുണ്ടാവുന്ന രോഗത്തെ തടുക്കുന്നു. ഹൃദയാഘാതത്തിന്‌ ശേഷം ഉണ്ടാകാനിടയുള്ള ഹൃദയത്തിൻടെ താളഭംഗത്തെ ക്രമപ്പെടുത്തുന്നു.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ പഠനം, ആഴ്ചയിൽ ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും മത്സ്യാഹാരം കഴിക്കുന്നത് പതിവാക്കുന്ന സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത മൂന്നിലൊന്ന് കണ്ട് കുറഞ്ഞതായി തെളിയിക്കുന്നു. ഒമേഗ-മൂന്ന് രക്തം കട്ടപിടിക്കുന്നത് തടയുന്നു. നമ്മുടെ ഞെരമ്പിലോടുന്ന രക്തത്തിൻടെ വേഗം മണിക്കൂറിൽ 60 കി.മീ ആകുന്നു. അതിന്‌ രക്തത്തിൻടെ കട്ടി, സാന്ദ്രത, അളവ് എന്നിവ ശരിയായും ക്രമത്തിലുമായിരിക്കേണ്ടത് അത്യാവശ്യം. രക്തത്തിൻടെ കട്ടി കുടിയാൽ രക്തധമനികളിൽ ഇടുക്കമുണ്ടാവുന്നു. മതിയായ രക്തം കിട്ടാതെ ഹൃദയത്തെയും തലച്ചോറിനെയും കണ്ണുകളെയും വൃക്കകളെയും തകരാറിലാക്കുന്നു. രക്തധമനികളിൽ തടസ്സങ്ങളുണ്ടായാൽ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുണ്ടാകും. രക്തത്തിലെ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡ് വാഹിനികളായ ശ്വേതാണുക്കളായ ഹീമോഗ്ലോബിൻ തന്മാത്രാ നിർമാണത്തിൽ ഒമേഗ-മൂന്ന് അതിപ്രധാന പങ്കുവഹിക്കുന്നു. കോശപാടകളിലൂടെ കടന്നുപോകുന്ന പോഷകാംശങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.

ഗർഭസ്ഥ-നവജാത ശിശുക്കളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്‌ ഒമേഗ-മൂന്ന്.തലച്ചോറിൻടെ, നാഡീവ്യൂഹത്തിൻടേ വളർച്ചയ്ക്കും വികാസത്തിനും ഒഴിച്ച് കൂടാനാവാത്തതാണ്‌ അത്. മുലപ്പാൽ ഒമേഗ-മൂന്ന് കൊണ്ട് സമൃദ്ധമാണ്‌.

ഒരിക്കളും പരിഹരിക്കാനാവാത്ത, സന്ധികളിലുണ്ടാവുന്ന തേയ്മാനം കുറയ്ക്കുന്നു. സ്കിസോഫ്രീനിയ, വിഷാദരോഗം, ഉത്കണ്‌ഠ, മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നീ മാനസിക തകരാറുകൾക്ക് കൈകണ്ട ഔഷധമാണ്‌ ഒമേഗ-മൂന്ന്. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ ഗുണങ്ങൾ മത്സ്യാഹാരത്തിലടങ്ങിയിരിക്കുന്നുവെന്നറിയുക. മത്സ്യാഹാരം പതിവാക്കുക, ഹൃദ്രോഗത്തെ ചെറുക്കുക.

No comments:

Post a Comment