ദേശാടനപ്പക്ഷികൾക്ക് വഴിതെറ്റുന്നില്ല
ദേശാടനം നടത്തുന്ന ഒട്ടനേകം ജീവികളുണ്ട് ഭൂമിയിൽ. പക്ഷികൾ, ശലഭങ്ങൾ, ആമകൾ, മത്സ്യങ്ങൾ, ആരലുകൾ എന്നിവ അവയിൽ ചിലതു മാത്രമാണ്. ഈ ജീവികൾ ദേശാടനവേളയിൽ താണ്ടുന്ന ദൂരം ആയിരക്കണക്കിൽ, പതിനായിരക്കണക്കിൽ കിലോമീറ്ററുകളാണ്.
പക്ഷികൾക്ക് ദേശാടനത്തിന് വളരെയധികം ഊർജം ആവശ്യമായിവരുന്നു. ചിലപ്പോൾ ചില പക്ഷികൾ നിലത്തിറങ്ങാതെ ആയിരക്കണക്കിൽ കിലോമീറ്ററുകൾ നിർത്താതെ പറന്നുകൊണ്ടേയിരിക്കുന്നുണ്ട്. ദേശാടനം നടത്തുന്ന ജീവികൾക്ക് പലപ്പോഴും അനുകൂലമായ കാലാവസ്ഥയല്ല അഭിമുഖീകരിക്കേണ്ടിവരിക. മഴ, കൊടുങ്കാറ്റ്, അത്യുഷ്ണം, മറ്റു പ്രതിബന്ധങ്ങൾ എന്നിവയെ അതിജീവിച്ച് പിഴവ് പറ്റാതെ അവ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നു.
ഒത്തൊരുമയോടെ ദേശാടനത്തിലേർപ്പെട്ട ആയിരങ്ങളടങ്ങിയ ഒരു പക്ഷിക്കൂട്ടത്തെ നിരീക്ഷിക്കുന്ന ആർക്കും മനസ്സിലാക്കാനാവും ആസൂത്രിതമായ ഇത്തരമോരു നീക്കത്തിന് തികഞ്ഞ 'നൈപുണ്യം' ആവ്ശ്യമണെന്ന്. ഈ നൈപുണ്യം പക്ഷികൾ എങ്ങനെ ആർജിച്ചെടുക്കുന്നു? അവയ്ക്ക് സ്വയം കഴിവില്ലെന്ന് തീർച്ച! ലക്ഷ്യം കണ്ടുപിടിക്കാൻ സഹായകരമാവുന്ന ഒരുപകരണവും അവ കൂടെ കരുതുന്നില്ല. അവയ്ക്ക് അല്ലാഹു നൽകിയിരിക്കുന്ന കഴിവുകളുപയോഗിച്ച് വഴി തെറ്റിപ്പോവാതെ അവ ലക്ഷ്യത്തിലെത്തിച്ചേരുന്നു, തിരിച്ചുവരുന്നു!
പക്ഷികൾ ദേശാടനത്തിലേർപ്പെടുന്നതെന്തിനാണ്? ഒരിക്കലും വഴിപിഴയ്ക്കാതെ ലക്ഷ്യത്തിലെത്തിച്ചേരുന്നതെങ്ങനെ? ഇത്യാദി ചോദ്യങ്ങൾക്കൊന്നും ശാസ്ത്രത്തിൻടെ പക്കൽ ഉത്തരമില്ല. 'മുൻപൊന്നും ദേശാടനമുണ്ടായിരുന്നില്ല. കാലാവസ്ഥയിൽ സംഭവിച്ച അതിവ്യതിയാനമാണ് അവയെ അതിനു പ്രേരിപ്പിക്കുന്നത്' എന്നു പറയുന്ന ശാസ്ത്രജ്ഞന്മാരുണ്ട്. ഇത് ഒട്ടും തന്നെ ശരിയല്ല,
പെട്ടെന്നെടുക്കുന്ന ഒരു തീരുമാനത്തിൻടെ ഫലമായിട്ടല്ല പക്ഷികൾ ദേശാടനത്തിലേർപ്പെടുന്നത്. അതിന് ഒരുപാട് നൈപുണ്യമാവശ്യമുണ്ടെന്ന് കണ്ടെത്താനാവും. ശരിയായ ആസൂത്രണം ആവശ്യമാണ്.വേണ്ടത്ര ഭക്ഷണം കരുതണം. ദീർഘനേരം പറക്കാനുള്ള കഴിവുണ്ടാകണം. ഇതൊന്നുമില്ലാത്ത ഒരു പക്ഷിക്കും ദേശാടനത്തിലേർപ്പെടാവതല്ല.
ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്, ദേശാടനമെന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒന്നല്ല എന്നാണ്. അത് ഭൂമിയുടെ വ്യവസ്ഥാപിത പരിസ്ഥിതി സന്തുലനത്തിൻടെ ഒരു ഭാഗം മാത്രമാകുന്നു.
പരീക്ഷണശാലയിൽ വെച്ച് രാപ്പാടി പക്ഷികളെ നിരീക്ഷണ വിധേയമാക്കി. ആധുനിക സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത നിലക്കുള്ള താപത്തിനും വെളിച്ചത്തിനും അവയെ വിധേയമാക്കി. ശൈത്യകാലത്ത് പരീക്ഷണശാലയ്ക്കടുത്ത് വസന്തത്തിൻടെ കൃത്രിമ പ്രതീതിയുണ്ടാക്കി, ദേശാടനത്തിന് പറ്റിയ വിധം. ഈ കൃത്രിമ കാലാവസ്ഥയിൽ പക്ഷികൾ ദേശാടനത്തിന് പുറപ്പെടുമെന്ന് നിരീക്ഷകർ കണക്കുകൂട്ടി. പക്ഷികൾ പറക്കാനാവശ്യമായ ഊർജ സംഭരണം ആരംഭിച്ചു. പക്ഷേ, പുറത്ത് അനുകൂല കാലാവസ്ഥയല്ലെന്ന് മനസ്സിലാക്കി അവ പുറത്ത് വന്നതേയില്ല. ദേശാടനത്തിന് ഒരുങ്ങിപ്പുറപ്പെട്ടുമില്ല.
എന്താണ് ദേശാടനത്തിനൊരുങ്ങി പുറപ്പെടാൻ അവ അവലംബിക്കുന്ന മാനദണ്ഡം? പറ്റിയ സമയം നിശ്ചയിക്കുന്നതെങ്ങനെ? തുടങ്ങിയ ചോദ്യങ്ങൾ ഈ പരീക്ഷണാനന്തരം ശാസ്ത്രജ്ഞരെ അലോസരപ്പെടുത്തിയത് ഒട്ടൊന്നുമല്ല. പറക്കുമ്പോൾ പക്ഷികൾ ധാരാളം ഊർജം ചെലവഴിക്കുന്നുണ്ട്. ഈ ഊർജം അവ വ്യത്യസ്ത മാർഗങ്ങളിലൂടെ കണ്ടെത്തുന്നു. ദേശാടനത്തിന് മുന്നോടിയായി പക്ഷികൾ അവയുടെ ശരീരത്തിൽ ആവശ്യമായ കൊഴുപ്പ് ഒരുക്കൂട്ടുന്നു. ചില പക്ഷികൾ മറ്റുള്ളവയേക്കാൾ കൂടുതൽ ദൂരം താണ്ടുന്നവയാണ്. ഇത്തരം പക്ഷികൾക്ക് ഊർജോല്പാദനത്തിനു കൊഴുപ്പ് മാത്രം മതിയാവുകയില്ല. അവ പറത്തത്തിന്നിടയിൽ ഇടത്താവളങ്ങളിൽ തങ്ങി ആവശ്യമായ ഊർജം തേടുന്നു.
ദക്ഷിണ ധ്രുവപ്രദേശത്ത് നിന്ന് ഉത്തരദ്രുവത്തിലേക്ക് പറന്നു വരുന്ന ചില പക്ഷികളുണ്ട്. അവ മുപ്പതിനായിരം മുതൽ നാല്പതിനായിരം കി.മീ വരെ ദൂരം സഞ്ചരിക്കുന്നു. ശാസ്ത്രജ്ഞർ ഇവയെ നിരീക്ഷിച്ചു. ഇവ വഴിമധ്യേ കടലിൽ പൊങ്ങിക്കിടക്കുന്ന ഹിമക്കട്ടകളിൽ പറന്നിറങ്ങി വിശ്രമിച്ച് ക്ഷീണമകറ്റി വീണ്ടും യാത്രതുടരുന്നുവെന്ന് കണ്ടെത്തി. ചില പക്ഷികൾ തീരെ ഊർജം ചെലവഴിക്കുന്നേയില്ല. ഒരു തരം കൊക്കുകൾ ഇതിന്നുദാഹരണമാണ്. ചൂട് വർദ്ധിക്കുമ്പോൾ ഇവ രണ്ടു കി.മീ ഉയരത്തിൽ പറക്കുന്നു. ഇവയ്ക്ക് ചൂട് കുറഞ്ഞ അന്തരീക്ഷത്തിലേക്ക് ചിറകുകൾ ഒട്ടും വീശാതെ പെട്ടെന്നു തന്നെ തെന്നിയിറങ്ങാൻ കഴിയും.
ചിലയിനം കടല്പക്ഷികളുണ്ട്. അവ ജീവിതത്തിൻടെ 92 ശതമാനവും കടലുമായി ബന്ധപ്പെട്ടു കഴിയുന്നു. ഇവയുടെ ചിറകിൻടെ നീളം മൂന്നര മീറ്ററോളം വരും. ഇവ പറക്കുന്ന രീതി കൗതുകകരമാണ്. ഇവയ്ക്ക് മണിക്കൂറുകളോളം ചിറക് ചലിപ്പിക്കാതെ തന്നെ പറക്കാനാകും. കാറ്റിൻടെ ദിശയ്ക്കനുകൂലമായാണ് ഇവയുടെ പറക്കൽ. മൂന്നര മീറ്റർ നീളം വരുന്ന ചിറകുകൾ വിടർത്തിക്കൊണ്ടും കൂട്ടിപ്പിടിച്ചു കൊണ്ടും മണിക്കൂറുകൾ പറക്കണമെങ്കിൽ ഒട്ടേറെ ഊർജം വേണ്ടി വരും. അവയുടെ സൃഷ്ടിയിൽ തന്നെ അല്ലാഹു അവയ്ക്ക് ഒരു പ്രത്യേക തരം ശരീരഘടന നൽകിയിരിക്കുന്നു. പറക്കുമ്പോൾ ഇവയുടെ ചിറകിൻടെ ചലനം താനേ നിലച്ചുപോവുന്നു. തന്മൂലം പറക്കാൻ പേശീബലം ആവശ്യമായിവരുന്നില്ല. പേശിയിലെ ചില അടരുകൾ ചിറകുകൾ പൊക്കിനിർത്താൻ സഹായിക്കുന്നു. കാറ്റിൻടെ ഗതിക്കനുകൂലമായി പറക്കുന്നത് കാരണം ആയിരം കി.മീ പറന്നാലും ശരീരഭാരം ഒരു ശതമാനമേ കുറയുന്നുള്ളൂ. ഇത്തരം പക്ഷികളെ നിദാനമാക്കിയാണ് ഗ്ലൈഡറുകളുടെ രൂപകല്പന നിർവഹിച്ചിട്ടുള്ളത്. കാറ്റിൻടെ ഗതി നോക്കി ഉയർന്നോ താഴ്ന്നോ ഇവ പറക്കുന്നു.
പക്ഷിക്കൂട്ടങ്ങളുടെ മറ്റൊരു രീതിയാണ് 'V' ആകൃതിയിലുള്ള പറക്കൽ. ശക്തി കൂടിയവ മുന്നിൽ പറക്കുന്നു. താരതമ്യേന ദുർബലരായവർ പിന്തുടരുന്നു. മുമ്പിലുള്ളവ കാറ്റിൻടെ ശല്യത്തിൽ നിന്നു പിന്നിലുള്ളവയ്ക്ക് സുരക്ഷ നൽകുന്നു. മുന്നിൽ പറക്കുന്ന പക്ഷികൾ വഴികാട്ടികളുമായി വർത്തിക്കുന്നു ഈ രീതി അനുസരിച്ച് പറന്നാൽ 25 ശതമാനം ഊർജലാഭമുണ്ട്. ഇതൊക്കെ ആരാണിവരെ പഠിപ്പിച്ചത്? സർവശക്തനായ അല്ലാഹുവല്ലാതെ മറ്റാരുമല്ല. അരയന്ന വർഗത്തില്പെട്ട പക്ഷികൾ 8000 മീറ്റർ ഉയരത്തിൽ പറക്കുന്നു. ഇത്രയും ഉന്നതിയിൽ ശ്വസനം ദുഷ്കരമാവുന്നു. എന്നാൽ ഇതിനെ അതിജീവിക്കാൻ പര്യാപ്തമാവും വിധമാണ് ഇവയുടെ ശ്വാസകോശങ്ങളുടെ സൃഷ്ടി സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കൊടുങ്കാറ്റിൽ നിന്ന് ഒഴിഞ്ഞുമാറാൻ പക്ഷികൾക്ക് കഴിവ് നൽകിയിക്കുന്നു. അവയുടെ ശ്രവണശക്തിയാണ് ഇതിന് സഹായിക്കുന്നത്. കിലോമീറ്ററുകൾക്കപ്പുറത്ത് നിന്ന് കൊടുങ്കാറ്റിൻടെ ആരവം ഇവയ്ക്ക് കേൾക്കാനാകും. കേട്ടറിഞ്ഞ് സഞ്ചാരപഥം മാറ്റുന്നു.
ചില പ്രാവുകൾ 1500 കി.മീ ദൂരം പറന്ന് ലക്ഷ്യം തെറ്റാതെ കൂട്ടിൽ തിരിച്ചെത്തുന്നു. ഇതിനു രാവും പകലുമെന്ന വ്യത്യാസമില്ല. പക്ഷികൾ വഴിതെറ്റാതെ സഞ്ചരിക്കുന്നത് കാണുമ്പോൾ ഇവയിലേതോ തരത്തിലുള്ള ദിശ കാണിക്കുന്ന ഉപകരണമുണ്ടെന്നു ന്യായമായും ആരും സംശയിച്ചുപോവും. ഭൂമിക്ക് ഒരു കാന്തമണ്ഡലമുണ്ട്. ഇതിൻടെ ദിശ ഭൂമിയിലെല്ലായിടത്തും ഒരേപോലെ. തീവ്രത പലേടത്തും വ്യത്യസ്തമാണെന്നു മാത്രം. ഈ കാന്തമണ്ഡലം ആസ്പദിമാക്കിയാണ് പക്ഷികൾ ദിശ മനസ്സിലാക്കുന്നത്. തലച്ചോറിൻടെ മധ്യത്തിൽ ഒരു പ്രത്യേകതരം ഗ്രന്ഥിയുണ്ട്. ഈ ഗ്രന്ഥിക്ക് കാന്തശക്തി സ്വീകർത്താക്കളായി വർത്തിക്കാനുള്ള കഴിവുണ്ട്. അതിൻടെ തീവ്രത വ്യവഛേദിച്ച് മനസ്സിലാക്കി ദിശാനിർണയം സാധിക്കുന്നു.
വിശുദ്ധ ഖുർആൻ പ്രസ്താവിക്കുന്നത് കാണുക: "സ്രഷ്ടാവും നിർമാതാവും രൂപം നൽകുന്നവനുമായ അല്ലാഹുവത്രെ അവൻ. അവന്ന് ഏറ്റവും ഉന്നതമായ നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലുള്ളവ അവൻടെ മഹത്വം പ്രകീർത്തിക്കുന്നു. അവനത്രെ പ്രതാപിയും യുക്തിമാനും."(59:94)
"ആകാശങ്ങളിലും ഭൂമിയിലുള്ളവരും ചിറകു വിടർത്തിപ്പിടിച്ചുകൊണ്ട് പക്ഷികളും അല്ലാഹുവിൻടെ മഹത്വം പ്രകീർത്തിച്ചുകൊണ്ടിരിക്കുന്നു. ഒരോരുത്തർക്കും തൻടെ പ്രാർഥനയും കീർത്തനവും എങ്ങനെയാണ്‌ന്ന് അറിവുണ്ട്. അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ" (24:41)
" അവയ്ക്ക് മുകളിൽ ചിറക് വിടർത്തിക്കൊണ്ടും ചിറക് കൂട്ടിപ്പിടിച്ചുകൊണ്ടും പറക്കുന്ന പക്ഷികളുടെ നേർക്ക് അവർ നോക്കിയില്ലേ? പരമ കാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങിനിർത്തുന്നില്ല. തീർച്ചയായും അവൻ എല്ലാ കാര്യങ്ങളും അറിയുന്നവനാകുന്നു." (67:19)
for more details: http://en.wikipedia.org/wiki/Arctic_Tern
No comments:
Post a Comment